Editorial
ചരിത്രനേട്ടങ്ങൾ തുള്ളിച്ചാടാൻ മാത്രമുള്ളതല്ല. അവ നമ്മുടെ ഭാവിപേടകങ്ങളുമാകണം. ഒറ്റപ്പാലത്തു വേരുകളുള്ള നാസയുടെ ബഹിരാകാശസഞ്ചാരി ഡോ. അനിൽ മേനോൻ ബഹിരാകാശത്തും ബഹിരാകാശ നിലയത്തിലുമെത്തുന്ന ആദ്യ മലയാളിയായിരിക്കുന്നു. എത്ര അഭിമാനകരമായ മുഹൂർത്തമാണിത്. പക്ഷേ, അതൊരു സാങ്കേതികത്വമാണെന്ന തിരിച്ചറിവ് നമ്മുടെ കുതിപ്പിനുള്ള ഇന്ധനമാകണം. അതായത്, അമേരിക്ക നൽകിയതുപോലെ മികച്ച വിദ്യാഭ്യാസവും പരിശീലനവും അവസരങ്ങളും നൽകിയാൽ മലയാളിക്കും ഇതൊക്കെ സാധ്യമാണെന്നതാണ് ചരിത്രപാഠം. സർക്കാരിന് അതിന്റെ നയങ്ങളും മുൻഗണനകളും മാറ്റാനുള്ള അവസരംകൂടിയാണിത്. പ്രത്യേകിച്ചും, ഉന്നതവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാർഥികൾ നാടുവിട്ടുകൊണ്ടിരിക്കെ.
ഇന്നലെ പുലർച്ചെ 1.25നാണ് അനിൽ മേനോൻ ബഹിരാകാശനിലയത്തിലെത്തിയത്. റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിൽ റഷ്യൻ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവർക്കൊപ്പം കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്നു പുറപ്പെട്ട് അഞ്ചു മണിക്കൂറിനകം! ഏകദേശം മൂന്നു മണിക്കൂർകൊണ്ട് സോയൂസ് ബഹിരാകാശ നിലയവുമായി ബന്ധപ്പിച്ചിരുന്നു. ഇപ്പോൾ നാസയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും റഷ്യയുടെയും ഉൾപ്പെടെ 10 പേർ നിലയത്തിലുണ്ട്.
എട്ടു മാസത്തിനുശേഷം 2027 ഏപ്രിലിൽ സോയൂസിൽതന്നെ അനിൽ ഭൂമിയിലേക്കു മടങ്ങും. ദീര്ഘകാല ബഹിരാകാശ യാത്രകളും വാസവും മനുഷ്യരില് ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയിലെ രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില് ഉണ്ടാകുന്ന മാറ്റങ്ങള്, ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള് നിര്മിക്കാനുള്ള സാങ്കേതികവിദ്യ, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്ട്ടിഫിഷല് ഇന്റലിജന്സും ഉപയോഗിച്ചുള്ള അള്ട്രാസൗണ്ട് പരിശോധനകൾ തുടങ്ങിയവയിൽ ഡോ. അനിൽ പരീക്ഷണങ്ങൾ നടത്തും.
ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ വംശജ ലിസ സാമോലെങ്കോയുടെയും മകനായി അമേരിക്കയിലെ മിനിയാപൊലിസിലാണ് അനിൽ ജനിച്ചത്. നാൽപ്പത്തിയൊന്പതുകാരനായ അദ്ദേഹം ഡോക്ടറും മുന് സൈനിക ഉദ്യോഗസ്ഥനുമാണ്. മുന്പ് ബഹിരാകാശയാത്ര നടത്തിയിട്ടുള്ള ഭാര്യ അന്ന നാസയുടെ ഇരുപത്തിനാലാം അസ്ട്രനോട്ട് ഗ്രൂപ്പിലുണ്ട്. ജയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ. ഈ വേരുകൾ മാത്രമാണ് നമ്മുടെ അഭിമാനഹേതു. പക്ഷേ, ഈ ആവേശത്തിൽ ബഹിരാകാശത്തേക്കു നോക്കുന്ന വിദ്യാർഥികൾക്കു കൊടുക്കാൻ നമ്മുടെ സംസ്ഥാനത്ത് എന്തുണ്ട് എന്ന ചോദ്യത്തിൽനിന്നു തുടങ്ങണം ഭാവിയിലേക്കുള്ള യാത്ര. പള്ളിക്കൂടങ്ങൾ മുതൽ സർവകലാശാലകൾ വരെ അഴിച്ചുപണിയേണ്ടിയിരിക്കുന്നു.
ഇന്നത്തെ ആവശ്യങ്ങൾക്കനുസരിച്ചുള്ള കോഴ്സുകളുണ്ടോ? പ്രായോഗിക പരിശീലനങ്ങളേക്കാൾ സിദ്ധാന്തങ്ങളുടെ മനഃപാഠ വ്യായാമങ്ങളാണോ നമ്മെ തളർത്തുന്നത്? എല്ലാ നവീകരണങ്ങളെയും പിന്നോട്ടടിക്കുന്ന രാഷ്ട്രീയ കെട്ടുപാടുകളിൽനിന്ന് സർവകലാശാലകളെയും വിദ്യാഭ്യാസ മേഖലയെ ആകെത്തന്നെയും മോചിപ്പിക്കാൻ എത്രകാലം വേണ്ടിവരും? നാടുവിട്ടുപോകാതിരിക്കാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുന്ന എന്തു നിലവാരമാണ് നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ളത്? അനിൽ മേനോന്റെ ഒറ്റപ്പാലത്തെ വേരുകളിൽ കെട്ടിക്കിടക്കുകയല്ല, ഉയരങ്ങളിലേക്കു കുതിക്കാൻ ഈ മണ്ണിൽ വേരിറക്കുകയാണു വേണ്ടത്. എങ്കിൽ ഇവിടെ പഠിച്ചു പരിശീലിച്ചവരും ഒരിക്കൽ ബഹിരാകാശത്തെത്തും. ലോകകപ്പിൽ കളിക്കും. ഒളിന്പിക്സിൽ സജീവസാന്നിധ്യമാകും.
തീർന്നില്ല; ഒരു ബഹിരാകാശയാത്ര അതിന്റെ ഗവേഷണങ്ങൾക്കൊപ്പം, പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള യാഥാർഥ്യങ്ങളെയും കാണിച്ചുതരുന്നുണ്ട്. അനിൽ മേനോൻ ഇപ്പോഴുള്ള ബഹിരാകാശപേടകംപോലെ, ഈ പ്രപഞ്ചത്തിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഭൂമിയെന്ന മറ്റൊരു പേടകത്തിലെ യാത്രക്കാരോ ഗവേഷകരോ ആണ് നാമൊക്കെ. അദ്യബഹിരാകാശ സഞ്ചാരി യൂറി ഗഗാറിൽ ഭൂമിയെ നോക്കി പറഞ്ഞു: “ഞാൻ ഭൂമിയെ കാണുന്നു, അതിമനോഹരം”. പക്ഷേ, അതു ബഹിരാകാശത്തുനിന്നു നോക്കുന്പോൾ. ഭൂമിയിലിറങ്ങിയാലോ രാഷ്ട്രങ്ങൾ തമ്മിൽ, സംസ്ഥാനങ്ങൾ തമ്മിൽ, കുടുംബങ്ങൾ തമ്മിൽ, സഹോദരങ്ങൾ തമ്മിൽ യുദ്ധം. അന്താരാഷ്ട്ര ബഹിരാകാശ പേടകത്തിൽ പോയിവരുന്ന താത്കാലിക ഗവേഷകരെപ്പോലെ ഒരുമയോടെ നേട്ടങ്ങൾ കൊയ്യേണ്ടവരെ ചിലർ മതത്തിന്റെയും വംശത്തിന്റെയും സന്പത്തിന്റെയും അധികാരത്തിന്റെയും പേരിൽ യുദ്ധത്തിനിറക്കുന്നു.
“വിശാലമായ പ്രപഞ്ചമെന്ന അരങ്ങിൽ ഭൂമി വളരെ ചെറിയൊരു വേദിയാണ്... ഒരു ബിന്ദുവിന്റെ അംശമാത്രമായ ഒരിടത്തിന്റെ ക്ഷണികമായ അധിപരാകാൻവേണ്ടി, പെരുമയും വിജയവും തേടി ആ സേനാനായകന്മാരും ചക്രവർത്തിമാരും ഒഴുക്കിയ രക്തനദികളെക്കുറിച്ച് ഒന്നാലോചിച്ചുനോക്കൂ”- അമേരിക്കൻ ജ്യോതി ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാൾ സാഗൻ. മനുഷ്യവംശത്തിന്റെ കഴുത്തിൽ തൂങ്ങി ഇപ്പോഴും ചിലർ ഇവിടെ ഒഴുക്കിക്കൊണ്ടിരിക്കുന്ന ചോരപ്പുഴകളെക്കുറിച്ചുകൂടി ചിന്തിക്കൂ; ഭൂമിയെന്ന ബഹിരാകാശയാനത്തിലെ യാത്രക്കാരേ. ഒറ്റപ്പാലത്തൊതുങ്ങരുത് ഡോ. അനിൽ മേനോന്റെ വിജയഗാഥയുടെ വിദൂര- ദീർഘ വീക്ഷണങ്ങൾ.
International
വാഷിംഗ്ടൺ: സൊയൂസ് എംഎസ് 29 വിക്ഷേപിച്ചു. പാതി മലയാളിയും നാസയുടെ ബഹിരാകാശ സഞ്ചാരിയായ അനിൽ മേനോനും കൂടി ഭാഗമായ ദൗത്യമാണ് സൊയൂസ്. റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവും അന്ന കിക്കിനയുമാണ് അനിലിന്റെ സഹയാത്രികർ.
കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്യും. പതിനഞ്ചിന് പുലർച്ചെ ഒന്നരയോടെയാകും മൂന്നംഗ സംഘം നിലയത്തിലേക്ക് പ്രവേശിക്കുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ എട്ട് മാസത്തെ ദൗത്യ ശേഷം അടുത്ത വർഷം ഏപ്രിലിൽ ആയിരിക്കും മടക്കം. ബഹിരാകാശ നിലയത്തിലെ എക്സ്പെഡിഷൻ 74ന്റെ ഭാഗമാകാനാണ് യാത്ര.
അനിലിന്റെ തയാറെടുപ്പുകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിനിയപ്പലിസിൽ ജനിച്ച അദ്ദേഹം ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദം നേടി. പിന്നീട് മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ സ്റ്റാൻഫോർഡിൽ നിന്ന് മാസ്റ്റേഴ്സ് കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും സേവനമനുഷ്ഠിച്ചു.
സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും ഒപ്പം നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെ പറ്റി ഗവേഷണവും നടത്തി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിൽ ഫ്ലൈറ്റ് സർജനായി. പിന്നെ സ്പേസ് എക്സിൻ്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി.
ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച പ്രതിഭാശാലി കൂടിയാണ് അനിൽ. നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്ക് അനിൽ തെരഞ്ഞെടുക്കപ്പെട്ടത് ഈ അസാധാരണ മികവിന്റെ ബലത്തിലാണ്.
International
ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ധൂമകേതു! മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തു, 3I/ATLAS.
വിസ്മയങ്ങളുടെ മഹാപ്രപഞ്ചത്തിൽ മനുഷ്യനു സങ്കൽപ്പിക്കാനാകുന്നതിന്നപ്പുറമുള്ള എത്രയെത്ര വിഷയങ്ങൾ! ഉത്തരം കണ്ടെത്താനാകാത്ത എത്രയെത്ര സംഭവങ്ങൾ! സൗരയൂഥത്തിന്റെ അതിരുകൾക്കപ്പുറം, പ്രപഞ്ചത്തിന്റെ ഏതോ അജ്ഞാതകോണിൽനിന്ന് നമ്മെ തേടി ഒരു അതിഥി എത്തിയിരുന്നു; 3I/ATLAS എന്ന ധൂമകേതു! മനുഷ്യചരിത്രത്തിൽ ഇന്നേവരെ രേഖപ്പെടുത്തയതിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുന്ന മൂന്നാമത്തെ അന്യഗ്രഹവസ്തുവാണിത്.
കഴിഞ്ഞവർഷം ജൂലൈ ഒന്നിനായിരുന്നു ശാസ്ത്രലോകം അന്യഗ്രഹ ധൂമകേതുവിനെ ആദ്യമായി കണ്ടെത്തിയത്. ഇപ്പോൾ, സൂര്യന്റെ ഗുരുത്വാകർഷണത്തിനു വഴങ്ങാതെ; വ്യാഴത്തിന്റെ ഭ്രമണപഥവും കടന്ന്, പ്രപഞ്ചത്തിന്റെ ഇരുണ്ട ശൂന്യതയിലേക്കു മടങ്ങുന്നു... ഇനി ഒരിക്കലും ഭൂമിയുടെ വിരുന്നുകാരനായി ആ അന്യഗ്രഹവസ്തു തിരിച്ചുവരില്ല. എന്നാൽ, പോകും മുൻപ് പ്രപഞ്ചോത്പത്തിയെക്കുറിച്ചുള്ള ചില നിർണായക രഹസ്യങ്ങൾ ശാസ്ത്രജ്ഞർക്കു സമ്മാനിച്ചാണ് 3I/ATLAS മടങ്ങിയത്.
സൗരയൂഥത്തിന്റെ വെളിയിൽനിന്ന് എത്തിയ വസ്തുക്കളിൽ ആദ്യത്തേത് 2017-ൽ കണ്ടെത്തിയ ഓമുവമുവ (1I/Oumuamua) ആണ്. അതിന്റെ സഞ്ചാരംതന്നെ പ്രത്യേക ശൈലിയിലായിരുന്നു. രണ്ടാമത്തേത് 2019-ൽ കണ്ടെത്തിയ ബോറിസോവ് (2I/Borisov). മൂന്നാമതായി എത്തിയ അതിഥിയാണ് 3I/ATLAS. ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പും ചിലിയിലെ അൽമ (ALMA) ടെലിസ്കോപ്പും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മൂന്നാമൻ ശാസ്ത്രലോകത്തിനു നൽകിയത് സമാനതകളില്ലാത്ത അറിവുകളാണ്.
ഏകദേശം 1.5 മൈൽ വ്യാസമുള്ള പാറയും മഞ്ഞും നിറഞ്ഞ അന്യഗ്രഹവസ്തുവിന്റെ രാസഘടന പരിശോധിച്ച ഗവേഷകർ അദ്ഭുതകരമായ കാര്യങ്ങളിലേക്കാണ് എത്തിയത്. പാറകളിൽ കാണപ്പെടുന്ന സിലിക്കേറ്റുകൾ സാധാരണയായി പരൽ രൂപത്തിലോ അല്ലെങ്കിൽ, പ്രത്യേക രൂപമില്ലാതെയോ ആണ് കാണപ്പെടാറുള്ളത്. നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളിൽ ഇവ പരൽ രൂപത്തിലാണ്. എന്നാൽ 3I/ATLAS-ൽ ഇവ രൂപരഹിതമായാണ് കാണപ്പെട്ടത്. ഇതിനർഥം, വലിയ പ്രക്ഷുബ്ധതകളൊന്നുമില്ലാത്ത, തികച്ചും ശാന്തമായ അന്യഗ്രഹ വ്യൂഹത്തിന്റെ പുറംഭാഗത്താണ് ഇതു രൂപം കൊണ്ടതെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു.
3I/ATLAS-ൽ കാർബൺ മോണോക്സൈഡ്, കാർബൺ ഡയോക്സൈഡ്, മീഥെയ്ൻ എന്നിവയുടെ അളവ് വളരെ കൂടുതലാണ്. കൂടാതെ, ഇതിലെ ഹെവി വാട്ടർ -ന്റെ അളവ് നമ്മുടെ സൗരയൂഥത്തിലെ ധൂമകേതുക്കളേക്കാൾ 30 മടങ്ങ് അധികമാണ്. മൈനസ് 405 ഡിഗ്രി ഫാരൻഹീറ്റിനും താഴെയുള്ള അതിശൈത്യമുള്ള അന്തരീക്ഷത്തിലേ ഈ പ്രതിഭാസം സാധ്യമാകൂ.
മനുഷ്യൻ കണ്ടതിൽ ഏറ്റവും പഴക്കമേറിയ വസ്തു
ജെയിംസ് വെബ് ടെലിസ്കോപ്പ് നടത്തിയ കാർബൺ ഐസോടോപ്പ് പരിശോധനയിൽ ഇതിൽ കാർബൺ13- ന്റെ അളവ് വളരെ കുറവാണെന്ന് കണ്ടെത്തി. ഇതിനർഥം പ്രപഞ്ചത്തിന്റെ ആദ്യകാലങ്ങളിൽ; ഏകദേശം 1200 കോടി വർഷം മുൻപ്, ക്ഷീരപഥത്തിന്റെ അതിർത്തിയിലെവിടെയോ രൂപംകൊണ്ട ഒന്നാകാം ഇത്. അനുമാനം ശരിയാണെങ്കിൽ മനുഷ്യൻ ഇന്നേവരെ കണ്ടിട്ടുള്ളതിൽ പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുവായിരിക്കും 3I/ATLAS.
കോടിക്കണക്കിന് വർഷം ശൂന്യാകാശത്തിലൂടെ യാത്ര ചെയ്ത് നമ്മളിലേക്ക് എത്തിയ അതിഥി, പ്രപഞ്ചത്തിലെ എല്ലാ സൗരയൂഥങ്ങളും നമ്മുടേതു പോലെ പ്രക്ഷുബ്ധമല്ലെന്നും തികച്ചും ശാന്തമായ പ്രപഞ്ചസാഹചര്യങ്ങളും നിലനിൽക്കുന്നുണ്ടെന്നും തെളിയിക്കുന്നതായി ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭാവിയിൽ ഇത്തരം വിരുന്നുകാരെ കൂടുതൽ അടുത്തറിയാൻ യൂറോപ്യൻ സ്പേസ് ഏജൻസി, കോമറ്റ് ഇന്റർസെപ്റ്റർ - പോലുള്ള ദൗത്യങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്. വിരാ സി. റൂബിൻ ഒബ്സർവേറ്ററി പോലെയുള്ള അത്യാധുനിക ടെലിസ്കോപ്പുകൾ കൂടി സജ്ജമായതോടെ, വരും വർഷങ്ങൾ അന്യഗ്രഹ വസ്തുക്കളെക്കുറിച്ചുള്ള പഠനം സുവർണ കാലഘട്ടമായി മാറുമെന്നാണ് ഗവേഷകലോകത്തിന്റെ വിലയിരുത്തൽ.
International
അസ്താന (കസാക്കിസ്ഥാൻ): നാസയുടെ ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ ഉൾപ്പെടുന്ന ദൗത്യസംഘം ഇന്നു ബഹിരാകാശത്തേക്ക് യാത്രയാകും.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ‘സോയൂസ് എംഎസ്-29’ പേടകത്തിലാണ് റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരോടൊപ്പം അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിക്കുക. ഇന്ന് പ്രാദേശിക സമയം രാത്രി 7.47നാണ് (ഇന്ത്യൻ സമയം രാത്രി 8.17) കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് പേടകത്തിന്റെ വിക്ഷേപണം. ഒറ്റപ്പാലത്ത് വേരുകളുള്ള ഇന്ത്യന് വംശജനായ 49 കാരൻ അനില് മേനോന് നാസയിലെ ബഹിരാകാശ യാത്രികനും ഡോക്ടറും മുന് സൈനിക ഉദ്യോഗസ്ഥനുമാണ്.
‘സോയൂസ് എംഎസ്-29’ പേടകത്തിന്റെ വിക്ഷേപണത്തിന്റെയും പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്നതിന്റെയും (ഡോക്കിംഗ്) തത്സമയ ദൃശ്യങ്ങൾ നാസ പ്ലസ്, ആമസോൺ പ്രൈം, നാസയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് കാണാൻ സാധിക്കും.
വിക്ഷേപണത്തിനുശേഷം മൂന്നു മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ പേടകം സ്വയം നിയന്ത്രിത സംവിധാനത്തിലൂടെ ബഹിരാകാശ നിലയത്തിന്റെ ‘പ്രിചാൽ’ മൊഡ്യൂളുമായി ബന്ധിപ്പിക്കും. തുടർന്ന് പേടകത്തിന്റെ വാതിലുകൾ തുറന്ന് ഇവർ ബഹിരാകാശ നിലയത്തിലേക്കു പ്രവേശിക്കും. നിലവിൽ അവിടെയുള്ള നാസയുടെയും യുറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും റഷ്യയുടെയും സഞ്ചാരികൾക്കൊപ്പം ഈ മൂവർസംഘവും ചേരും.
ദൗത്യം എട്ടു മാസം
നാസയുടെ എക്സ്പെഡിഷൻ 74/75 ദൗത്യങ്ങളുടെ ഭാഗമായി എട്ടു മാസമായിരിക്കും അനിൽ മേനോൻ ബഹിരാകാശത്തു ചെലവഴിക്കുക. 2027 ഏപ്രിലിലായിരിക്കും ഭൂമിയിലേക്ക് മടങ്ങിയെത്തുക.
ദീര്ഘകാല ബഹിരാകാശ യാത്രകള് മനുഷ്യശരീരത്തില് ഉണ്ടാക്കുന്ന വ്യതിയാനങ്ങൾ, മൈക്രോ ഗ്രാവിറ്റിയില് രക്തയോട്ടം, നാഡീവ്യൂഹങ്ങളുടെ ഘടന, രക്തത്തിലെ ഘടകങ്ങളില് ഉണ്ടാകുന്ന മാറ്റങ്ങള് എന്നിവ കേന്ദ്രീകരിച്ച് അനിൽ മേനോന് വിവിധ പരീക്ഷണങ്ങള് നടത്തും.
ബഹിരാകാശ നിലയത്തിലെ കുടിവെള്ള സംവിധാനം ഉപയോഗിച്ച് ഐവി ഫ്ലൂയിഡുകള് നിര്മിക്കാനുള്ള സാങ്കേതികവിദ്യകള് വികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണവും നടത്തും. ദീര്ഘദൂര ബഹിരാകാശ ദൗത്യങ്ങളില് ഈ സാങ്കേതികവിദ്യ വളരെ നിര്ണായകമായി മാറിയേക്കാം. ഒപ്പം, ഓഗ്മെന്റഡ് റിയാലിറ്റിയും ആര്ട്ടിഫിഷല് ഇന്റലിജന്സും ഉപയോഗിച്ചുള്ള അള്ട്രാസൗണ്ട് പരിശോധനകളും മേനോന് നടത്തും.
Kerala
ഒറ്റപ്പാലം: ഇനി ബഹിരാകാശത്തും ഒറ്റപ്പാലംപെരുമ. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന അഭിമാനനേട്ടത്തിന്റെ പിടവാതിലിലാണ് നാസയിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ.
ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ പ്രഥമ മലയാളി പ്രസിഡന്റ് സർ സി. ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് ഡോ. അനിൽ മേനോൻ. ഡോ. അനിലിന്റെ തായ്വേര് ഒറ്റപ്പാലത്താണ്.
ചൊവ്വാഴ്ച കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും.
ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനിൽ മേനോൻ എട്ടു മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ടു റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.
അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ ചേറ്റൂർ കുടുംബാംഗമാണ്. ഹാർവാർഡിൽനിന്നു ന്യൂറോബയോളജിയിൽ ബിരുദംനേടിയ അനിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയിൽ കേണൽ ആയിരുന്നു. 2014ലാണ് അനിൽ മേനോൻ നാസയിൽ ഫ്ളൈറ്റ് സർജനായെത്തുന്നത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്.
ബഹിരാകാശദൗത്യവുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ അവസാനഘട്ടത്തിലാണ് അനിൽ. ചാന്ദ്ര, ചൊവ്വ ഗവേഷണത്തിലാകും രാജ്യാന്തര ബഹിരാകാശനിലയത്തിൽ അദ്ദേഹമടക്കമുള്ള സംഘം ഏർപ്പെടുന്നത്.
ദൗത്യം പൂർത്തിയാക്കിയ ഡോക്ടർ അനിൽ ഒറ്റപ്പാലത്ത് എത്തുന്പോൾ വൻ സ്വീകരണം നൽകുമെന്നു ചേറ്റൂർ ശങ്കരൻ നായർ ട്രസ്റ്റ് സെക്രട്ടറി ഇ.പി. ചിത്രേഷ് നായർ പറഞ്ഞു.
International
വാഷിംഗ്ടൺ: നാസ ബഹിരാകാശ സഞ്ചാരിയായ ഇന്ത്യൻ വംശജൻ അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു യാത്ര തിരിക്കുന്നു.
ജൂലൈ 14നാണ് അനിൽ മേനോൻ ഖസാക്കിസ്ഥാനിലെ കോസ്മോഡ്രോമിൽനിന്നു യാത്രതിരിക്കുക. യുക്രെയ്ൻ-ഇന്ത്യൻ വംശജരായ ദന്പതികളുടെ മകനായി അമേരിക്കയിലെ മിന്നിയാപോലിസിൽ ജനിച്ച അനിൽ മേനോൻ (49) എമർജൻസി മെഡിസിനിൽ ഫിസിഷ്യനും യുഎസ് സ്പേസ് ഫോഴ്സിൽ കേണലുമാണ്.
ഭാര്യ അന്ന വിൽഹേമും ബഹിരാകാശസഞ്ചാരിയാണ്.ഒറ്റപ്പാലം സ്വദേശി ശങ്കരൻ മേനോന്റെയും (കെ.പി.എസ്. മേനോൻ) യുക്രെയ്ൻ സ്വദേശിനി ലിസ സാമോലെങ്കോയുടെയും മകനാണ് അനിൽ മേനോൻ
International
മഹാവിസ്മയപ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവനുണ്ടോയെന്ന നൂറ്റാണ്ടുകളായുള്ള അന്വേഷണം നിർണായകഘട്ടത്തിലെന്ന് ശാസ്ത്രലോകം! ഭൂമിയിൽനിന്ന് 25 പ്രകാശവർഷം അകലെ, അത്യപൂർവമായ കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ഗവേഷകർ. ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള ഗ്രഹങ്ങളുടെ പട്ടികയിലേക്ക്, പുതിയ ഗ്രഹത്തെക്കൂടി ജ്യോതിശാസ്ത്രജ്ഞർ കൂട്ടിച്ചേർത്തിരിക്കുന്നു! ജിജെ 3378ബി (GJ 3378b) എന്നു പേരു നൽകിയ പുതിയ ഗ്രഹം, ഭൂമിയേക്കാൾ ഇരട്ടി വലിപ്പമുള്ള സൂപ്പർ-എർത്ത് (Super-Earth) ആണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തി.
ഗവേഷകസംഘത്തെ നയിച്ച പോൾ റോബർട്ട്സൺ ദി ആസ്ട്രോഫിസിക്കൽ ജേണലിൽ എഴുതിയ പഠനത്തിൽ; പുതിയ ഗ്രഹത്തെ ഭൂമിയുടെ, അയൽവാസി - എന്ന് വിളിക്കാമെന്നു വിശേഷിപ്പിക്കുന്നു. 1,00,000 പ്രകാശവർഷം വീതിയുള്ള ക്ഷീരപഥവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ 25 പ്രകാശവർഷം എന്നത് വളരെ അടുത്താണെന്നതാണ് ഇതിനു കാരണം.
ഗോൾഡിലോക്സ് സോൺ അഥവാ ഹബിറ്റബിൾ സോൺ
ഒരു നക്ഷത്രത്തിനു വളരെ അടുത്തല്ലാതെ, എന്നാൽ ഒരുപാട് അകലെയുമല്ലാതെ കിടക്കുന്ന ഈ മേഖലയിലാണ് ജീവന്റെ നിലനിൽപ്പിന് ഏറ്റവും അത്യാവശ്യമായ ജലം ദ്രാവകാവസ്ഥയിൽ കാണപ്പെടാൻ സാധ്യതയുള്ളത്. ജിജെ 3378ബി എന്ന ഗ്രഹം, ഒരു ചുവന്ന കുള്ളൻ നക്ഷത്രത്തിന്റെ ഗോൾഡിലോക്സ് സോണിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂമിക്ക് സൂര്യനിൽ നിന്നും ലഭിക്കുന്ന വികിരണങ്ങളുടെ തൊണ്ണൂറു ശതമാനത്തോളം പുതിയ ഗ്രഹത്തിനും ലഭിക്കുന്നുണ്ട്.
ഈ ഗ്രഹത്തിന്റെ സ്ഥാനം ജീവന് അനുകൂലമാണെങ്കിലും, ശാസ്ത്രജ്ഞരുടെ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യം ഇതിനു സ്വന്തമായി, അന്തരീക്ഷം ഉണ്ടോ ഇല്ലയോ എന്നതാണ്. ജീവൻ നിലനിൽക്കാനും പ്രപഞ്ചത്തിലെ മാരകമായ വികിരണങ്ങളിൽനിന്ന് ഗ്രഹത്തെ സംരക്ഷിക്കാനും അന്തരീക്ഷം അത്യന്താപേക്ഷിതമാണ്.
ശാസ്ത്രജ്ഞരുടെ ഭാഷയിൽ ജിജെ 3378ബി നിൽക്കുന്നത്, കോസ്മിക് ഷോർലൈൻ - എന്ന അതിർവരമ്പിലാണ്. ഒരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണത്തിന് അതിന്റെ നക്ഷത്രത്തിൽനിന്നുള്ള കടുത്ത വികിരണങ്ങളെ പ്രതിരോധിച്ച് അന്തരീക്ഷത്തെ പിടിച്ചുനിർത്താൻ കഴിയുമോ എന്നു നിർണയിക്കുന്ന പരിധിയാണിത്.
നമ്മൾ ഭൂമിയെ ഒരു ആപ്പിളിന്റെ വലിപ്പത്തിലേക്ക് ചെറുതാക്കുകയാണെങ്കിൽ, അതിന്റെ അന്തരീക്ഷത്തിന് ആപ്പിളിന്റെ തൊലിയുടെ അത്രയും മാത്രമേ കനം കാണൂ. എന്നാൽ ജലം ദ്രാവകാവസ്ഥയിൽ നിലനിർത്താനും ശ്വസിക്കാൻ വായു നൽകാനും ബഹിരാകാശത്തെ കടുത്ത വികിരണങ്ങളിൽ നിന്നു സംരക്ഷിക്കാനും ആ ചെറിയ കനം മാത്രം മതി- പോൾ റോബർട്ട്സൺ വ്യക്തമാക്കി.
ചൊവ്വയുടെ മുന്നറിയിപ്പ്
അന്തരീക്ഷം നഷ്ടപ്പെട്ടാൽ ഒരു ഗ്രഹത്തിന് എന്തു സംഭവിക്കും എന്നതിന് ചൊവ്വ നമുക്ക് മുന്നിൽ മുന്നറിയിപ്പായി നിൽക്കുന്നുണ്ട്. കോടിക്കണക്കിനു വർഷങ്ങൾക്ക് മുൻപ് ചൊവ്വയ്ക്കും കട്ടിയുള്ള അന്തരീക്ഷവും ജലവും ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. എന്നാൽ സൂര്യനിൽ നിന്നുള്ള സൗരക്കാറ്റുകൾ കാലക്രമേണ ചൊവ്വയുടെ അന്തരീക്ഷത്തെ തുടച്ചുനീക്കിയതോടെയാണ് ഇന്നു കാണുന്ന മരുഭൂമിയായി ചൊവ്വ മാറിയത്.
ബയോസിഗ്നേച്ചർ
ടെക്സാസിലെ മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ ഹോബി-എബർലി ടെലിസ്കോപ്പിലുള്ള, ഹബിറ്റബിൾ-സോൺ പ്ലാനറ്റ് ഫൈൻഡർ, അരിസോണയിലെ ഡബ്ല്യുഐവൈഎൻ ടെലിസ്കോപ്പിലെ NEID സ്പെക്ട്രോമീറ്റർ - എന്നിവ ഉപയോഗിച്ചാണ് ഈ വലിയ കണ്ടെത്തൽ നടത്തിയത്.
ജിജെ 3378ബി - ഗ്രഹത്തിൽ അന്തരീക്ഷമുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശക്തിയേറിയ ബഹിരാകാശ ദൂരദർശിനികൾ ആവശ്യമാണ്. അങ്ങനെ അന്തരീക്ഷത്തിന്റെ സാന്നിധ്യം കണ്ടെത്താനായാൽ; അവിടെ ജീവന്റെ അടയാളങ്ങളായ, ബയോസിഗ്നേച്ചർ, ജലം എന്നിവ തെരയുന്നതിലേക്കുള്ള ഘട്ടത്തിലേക്കു കടക്കുമെന്ന് കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകനായ ഗോഗോഡ് ജെയിംസ് പ്രത്യാശ പ്രകടിപ്പിക്കുന്നു. ഒരുപക്ഷേ, പ്രപഞ്ചത്തിൽ മനുഷ്യൻ ഒറ്റയ്ക്കല്ലെന്ന കണ്ടെത്തലിലേക്ക് നമ്മെ നയിക്കുന്ന ആദ്യ ചുവടുവെപ്പായിരിക്കാം ജിജെ 3378ബി എന്ന ശാസ്ത്രലോകം അടിവരയിടുന്നു.
International
കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിൽക്കുമോ ഇല്ലയോ എന്നതു വേറെ കാര്യം! എന്നാൽ, ഭൂമി അതിജീവിക്കുമെന്നാണ് പുതിയ പഠനം വെളിപ്പെടുത്തുന്നത്. അഞ്ച് ബില്യൺ വർഷങ്ങൾക്കുശേഷം സൂര്യൻ അതിന്റെ ആയുസിന്റെ അവസാന ഘട്ടത്തിലേക്കു പ്രവേശിക്കുന്പോൾ, ഭൂമി എന്ന വിസ്മയഗ്രഹം ചാമ്പലാകും എന്നതായിരുന്നു ഇതുവരെ ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്. എന്നാൽ, അങ്ങനെ സംഭവിക്കാൻ സാധ്യത കുറവാണെന്നാണ് ശാസ്ത്രലോകത്തിന്റെ പുതിയ വിലയിരുത്തൽ. സൂര്യന്റെ മരണപ്പാച്ചിലിൽനിന്നു ഭൂമി ഒരുപക്ഷേ രക്ഷപ്പെട്ടേക്കാമെന്ന് ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ് എന്ന പ്രശസ്ത ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
കെയു ലൂവൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമി (ബെൽജിയം) യിലെ ഗവേഷകനായ മാറ്റ്സ് എസെൽഡൂർസിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരുടെ സംഘമാണ് ഈ കണ്ടെത്തലിനു പിന്നിൽ. സൂര്യനോടു സാമ്യമുള്ള മറ്റ് ഭീമൻ നക്ഷത്രങ്ങളുടെ വാർധക്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഭൂമിയുടെ അതിജീവന സാധ്യതയിലേക്കു വിരൽ ചൂണ്ടുന്നത്.
സൂര്യന്റെ അന്ത്യയാത്ര
ഇനി, 500 കോടി വർഷങ്ങളിലേക്കുള്ള ഹൈഡ്രജൻ മാത്രമാണ് സൂര്യനിൽ അവശേഷിക്കുന്നത്. ഹൈഡ്രജൻ തീരുന്നതോടെ സൂര്യൻ നിലവിലുള്ളതിനേക്കാൾ നൂറിരട്ടി വലിപ്പത്തിലേക്കു വീർത്തുവരും. എനർജി തീരുമ്പോൾ സൂര്യൻ ആദ്യം ചുവന്ന ഭീമൻ നക്ഷത്രമായി (റെഡ് ജയന്റ്) മാറും. അതിനുശേഷം അസിംപ്റ്റോട്ടിക് ജയന്റ് ബ്രാഞ്ച് (എജിബി) എന്ന അതിലും വലിയ ഘട്ടത്തിലേക്ക് സൂര്യൻ കടക്കും. ഒടുവിൽ പുറംഭാഗങ്ങളെല്ലാം നഷ്ടപ്പെട്ട്, കരിനിഴൽ പോലെ അവശേഷിക്കുന്ന കേന്ദ്രഭാഗം മാത്രമുള്ള വൈറ്റ് ഡ്വാർഫ് എന്ന അവസ്ഥയിൽ സൂര്യന്റെ ആയുസ് അവസാനിക്കും.
ഈ ഘട്ടങ്ങളിൽ ഉണ്ടാകുന്ന അതിഭയങ്കരമായ താപതരംഗങ്ങൾ ഭൂമി, ബുധൻ, ശുക്രൻ എന്നീ ഗ്രഹങ്ങളെ പൂർണമായും വിഴുങ്ങുമെന്നാണ് ശാസ്ത്രജ്ഞർ ദീർഘകാലമായി വിശ്വസിച്ചിരുന്നത്. എന്നാൽ സൂര്യന്റെ ഭാവിയോടു സാമ്യം പുലർത്തുന്ന; അന്ത്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന, എൽ 2 പപ്പിസ് എന്ന നക്ഷത്രത്തെ നിരീക്ഷിച്ചതോടെയാണ് ഈ നിഗമനം തിരുത്തപ്പെടുന്നത്.
ഭൂമി രക്ഷപ്പെടാൻ രണ്ട് വഴികൾ
നക്ഷത്രങ്ങളുടെ പരിണാമമാതൃകകൾ പരിശോധിച്ച ഗവേഷകർ ഭൂമിയുടെ ഭാവിയെക്കുറിച്ച് രണ്ട് സാധ്യതകളാണു പറയുന്നത്.
1. ഗ്രഹത്തെ വിഴുങ്ങുന്ന ടൈഡൽ ഫോഴ്സ്
സൂര്യൻ വലിപ്പം വയ്ക്കുമ്പോൾ അതിന്റെ ശക്തമായ ഗുരുത്വാകർഷണ ബലം ഭൂമിയെ ഉള്ളിലേക്ക് വലിച്ചടുപ്പിക്കുകയും ഒടുവിൽ സൂര്യൻ ഭൂമിയെ വിഴുങ്ങുകയും ചെയ്യാം.
2. സ്റ്റെല്ലാർ വിൻഡ്
സൂര്യൻ അതിന്റെ അവസാന ഘട്ടത്തിൽ ശക്തമായ സ്റ്റെല്ലാർ വിൻഡ് പുറപ്പെടുവിക്കുകയും അതിവേഗം സ്വന്തം പിണ്ഡം നഷ്ടപ്പെടുകയും ചെയ്യാം. അങ്ങനെ വരുമ്പോൾ സൂര്യന്റെ ഗുരുത്വാകർഷണ ശക്തി കുറയുകയും, ഭൂമിക്ക് സൂര്യനിൽനിന്നും അകന്ന് കൂടുതൽ സുരക്ഷിതമായ ഒരു ഭ്രമണപഥത്തിലേക്ക് മാറിപ്പോകാൻ അവസരം ലഭിക്കുകയും ചെയ്യാം.
ഭൂമിയുടെ അന്തിമവിധി
സൂര്യനിൽനിന്ന് പിണ്ഡം നഷ്ടമാകുന്ന വേഗത്തെ ആശ്രയിച്ചിരിക്കും ഭൂമിയുടെ അന്തിമവിധി എന്ന് മുഖ്യ ഗവേഷകനായ മാറ്റ്സ് എസേൽഡൂർസ് പറയുന്നു. സൂര്യന്റെ ആകർഷണബലവും പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയും തമ്മിലുള്ള മത്സരമായിരിക്കും അന്നു നടക്കുക. ഇതിൽ ടൈഡൽ ഫോഴ്സ് ആണ് ജയിക്കുന്നതെങ്കിൽ ഭൂമി സൂര്യനിൽ ലയിക്കും. എന്നാൽ പിണ്ഡം നഷ്ടപ്പെടുന്ന പ്രക്രിയയ്ക്കാണ് മേൽക്കൈ എങ്കിൽ ഭൂമി സൂര്യന്റെ വലയത്തിൽനിന്നും അകന്നുമാറി അതിജീവിക്കും.
കോടിക്കണക്കിനു വർഷങ്ങൾക്കുശേഷം ഭൂമിയിൽ ജീവൻ നിലനിന്നാലും ഇല്ലെങ്കിലും, പ്രപഞ്ചത്തിൽ ഭൂമി എന്ന ഗ്രഹത്തിന്റെ നിലനിൽപ്പ് പൂർണമായും അവസാനിക്കില്ലെന്നാണ് പുതിയ പഠനത്തിലൂടെ ഗവേഷകർ വ്യക്തമാക്കുന്നത്.
International
പ്രപഞ്ചമേ നിന്നെ പകർത്താൻ ഞങ്ങൾ റെഡി! ഇതുവരെ കാണാൻ കഴിയാതിരുന്ന, ദൃശ്യപ്പെടുത്താൻ സാധിക്കാതിരുന്ന മഹാരഹസ്യങ്ങൾ പകർത്താൻ മനുഷ്യന്റെ കാമറക്കണ്ണുകൾ തയാറായിക്കഴിഞ്ഞു! പ്രപഞ്ചത്തിന്റെ ഇതുവരെ കാണാത്ത അദൃശ്യകോണുകളുടെ ചിത്രങ്ങൾ ഒപ്പിയെടുക്കാൻ ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ സുസജ്ജമായിരിക്കുന്നു! ചിലിയിലെ വെരാ സി. റൂബിൻ ഒബ്സർവേറ്ററിയാണ് പത്തുവർഷത്തെ ഗഗനദൗത്യത്തിനു തുടക്കമിട്ടത്. ചിലിയിലെ പർവതമുകളിൽ സ്ഥാപിച്ചിരിക്കുന്ന അത്യാധുനിക ദൂരദർശിനി, അടുത്ത പത്തുവർഷത്തേക്ക്, പ്രതിവർഷം നൂറുകണക്കിനു ചിത്രങ്ങൾ പകർത്തി മനുഷ്യന്റെ പ്രപഞ്ചാന്വേഷണങ്ങൾക്കു കരുത്തുപകരും!
അതിവിദൂര ആകാശദൃശ്യങ്ങൾ സൂക്ഷമമായി പകർത്താൻ ഈ കാമറയ്ക്ക് സാധിക്കും. പ്രപഞ്ചത്തെക്കുറിച്ച് കൂടുതൽ കൃത്യമായ മനസിലാക്കലുകൾക്ക് ഈ നിരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കുമെന്നാണ് പ്രതീക്ഷ. നമ്മുടെ ക്ഷീരപഥത്തിലെ കോടിക്കണക്കിന് നക്ഷത്രങ്ങളെയും അതിനപ്പുറമുള്ള ഗാലക്സികളെയും രേഖപ്പെടുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
വളരെ വേഗത്തിൽ ചിത്രങ്ങൾ പകർത്താൻ ശേഷിയുണ്ട് ഈ ദൂരദർശിനിക്ക്. ആകാശത്തിന്റെ ഒരേ ഭാഗത്തിന്റെ ചിത്രങ്ങൾതന്നെ ആവർത്തിച്ച് പകർത്തുന്നതിലൂടെ, മുൻപ് സാധാരണ ദൂരദർശിനികളുടെ കണ്ണിൽപ്പെടാതെ പോയ പ്രകാശം കുറഞ്ഞ അതീവ സൂക്ഷ്മ വസ്തുക്കൾ പോലും കണ്ടെത്താൻ ശാസ്ത്രജ്ഞർക്കു സാധിക്കും. പദ്ധതി പ്രപഞ്ചപഠനത്തിന് വലിയ തോതിൽ സഹായകരമാകുമെന്ന് ഒബ്സർവേറ്ററിയുടെ ഡെപ്യൂട്ടി ഡയറക്ടർ ഫിൽ മാർഷൽ വ്യക്തമാക്കി.
ഭൂമിയിൽനിന്ന് ആയിരക്കണക്കിനു പ്രകാശവർഷങ്ങൾ അകലെയുള്ള ട്രിഫിഡ്, ലഗൂൺ നെബുലകളുടെ മനോഹരമായ വർണച്ചിത്രങ്ങൾ ഒബ്സർവേറ്ററി നേരത്തെ പുറത്തുവിട്ടിരുന്നു. തുടർന്നുള്ള മാസങ്ങളിൽ കാമറയുടെ കൃത്യതയും ആഴവും വർധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് ഇപ്പോൾ ദീർഘകാല സർവേയ്ക്കു തുടക്കംകുറിച്ചിരിക്കുന്നത്.
ശതകോടിക്കണക്കിനു വർഷങ്ങളായി ഗാലക്സികൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവ എങ്ങനെ കൂട്ടമായി നിലനിൽക്കുന്നുവെന്നും പ്രപഞ്ചത്തിന്റെ ഉത്ഭവം എങ്ങനെയെന്നും മനസിലാക്കാൻ ഈ ചിത്രങ്ങൾ സഹായിക്കും. യുഎസിലെ നാഷണൽ സയൻസ് ഫൗണ്ടേഷനും (എൻഎസ്എഫ്) ഡിപ്പാർട്ട്മെന്റ് ഓഫ് എനർജിയും സംയുക്തമായാണ് ഈ നിരീക്ഷണാലയത്തിന് ധനസഹായം നൽകുന്നത്.
പ്രപഞ്ചത്തിൽ ഡാർക്ക് മാറ്റർ എന്ന നിഗൂഢ പ്രതിഭാസം നിലനിൽക്കുന്നുണ്ടെന്നതിന്റെ ആദ്യ തെളിവുകൾ നൽകിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞ വെരാ റൂബിന്റെ ഓർമയ്ക്കായാണ് ഈ ഒബ്സർവേറ്ററിക്ക് അവരുടെ പേര് നൽകിയിരിക്കുന്നത്. പ്രപഞ്ചത്തെ സ്വാധീനിക്കുന്ന ഡാർക്ക് മാറ്റർ, ഡാർക്ക് എനർജി എന്നീ വിചിത്ര പ്രതിഭാസങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കണ്ടെത്താൻ പത്ത് വർഷത്തെ സർവേയിലൂടെ സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ, ശുഭ പ്രതീക്ഷ!
Kerala
കോട്ടയം: പോലീസ് സ്റ്റേഷനുകളില് വിവിധ കേസുകളില് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള് ഒഴിവാക്കാന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച സ്പേസ് (സ്ക്രാപ് പ്രൊസസിംഗ് ഫോര് ഏരിയ ക്ളീന്അപ് ആന്ഡ് എന്ഹാന്സ്മെന്റ്) പദ്ധതി നടപ്പിലാക്കാന് പോലീസുകാര് ഏറെ ബുദ്ധിമുട്ടും.
ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്ക്കും വിവിധ ആവശ്യങ്ങള്ക്കായി എത്തുന്നവര്ക്കും ഏറെ ബുദ്ധിമുട്ടുകള് സൃഷ് ടിച്ചാണു കേസുകളില് പിടികൂടി സൂക്ഷിച്ചിരുന്ന വാഹനങ്ങള് കെട്ടിക്കിടക്കുന്നത്. ചില പോലീസ് സ്റ്റേഷനുകളോടു ചേര്ന്നു ദേശീയ, സംസ്ഥാന പാതയോരങ്ങളിലും വാഹനങ്ങള് തുരുമ്പെടുത്തു കിടന്നു വലിയ പാരിസ്ഥിക പ്രശ്നങ്ങള് സൃഷ്ടിക്കുന്നുണ്ട്.
കെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പു സമയബന്ധിതമായി പൂര്ത്തിയാക്കുമെന്ന് പറയുമ്പോഴും ഇതു പോലീസ് ഉദ്യോഗസ്ഥരെ സംബന്ധിച്ചടത്തോളം ശ്രമകരമായ ജോലിയാണ്. നിശ്ചിത കാലയളവിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്, നമ്പര്, എന്ജിന് നമ്പര് എന്നിവ ശേഖരിച്ചു വിവരങ്ങള് കണ്ടെത്താമെങ്കിലും പഴക്കം കുടുതലുള്ള വാഹനങ്ങളുടെ വിവരങ്ങള് ശേഖരിക്കുക ബുദ്ധിമുട്ടാണ്.
കെട്ടിക്കിടക്കുന്ന വാഹനങ്ങള് എല്ലാം തന്നെ ഏതെങ്കിലും ഒരു കേസില് ഉള്പ്പെട്ടതാണ്. കേസ് കഴിയാതെയോ കോടതിയില് നിന്ന് ഉത്തരവ് ലഭിക്കാതെയോ വാഹനങ്ങള് വിട്ടുകൊടുക്കാന് സാധ്യമല്ല. കേരള പോലീസ് ആക്ട് പ്രകാരം ജില്ലാ പോലീസ് ചീഫുമാര് ഈ വാഹനങ്ങള് കേസ് കഴിഞ്ഞിട്ടും അതിന്റെ ഉടമസ്ഥര് ഏറ്റെടുക്കുന്നില്ലെങ്കില് അവര്ക്കു നോട്ടീസ് അയച്ചു വാഹനം വേണ്ട എന്നെഴുതി വാങ്ങിക്കണം.
തുടര്ന്നു പോലീസ് മോട്ടോര് വെഹിക്കിള് ഇന്സ്പെക്ടര്മാരെ ബന്ധപ്പെട്ടു വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വച്ചു വാലുവേഷന് സര്ട്ടിഫിക്കറ്റ് വാങ്ങി വിലയിട്ടശേഷം റിപ്പോര്ട്ട് സഹിതം ജില്ലാ പോലീസ് ചീഫുമാര്ക്കു നല്കിയാല് മാത്രമേ വാഹനങ്ങള് ലേലം ചെയ്തു നല്കാന് സാധിക്കു. ലേലം ചെയ്തു ലഭിക്കുന്ന തുക ട്രഷറിയിൽ അടയ്ക്കണം. ഇതാണ് ഇപ്പോഴത്തെ നടപടി ക്രമം. ഇതു ഞൊടിയിടയില് നടക്കാനുള്ള സാധ്യത വിരളമാണ്.
2000ത്തിനുശേഷം ചില പോലീസ് സ്റ്റേഷനുകള് മാറ്റുകയോ പുതുക്കി നിര്മിക്കുകയോ ചെയ്തതിന്റെ ഭാഗമായി ഓരോ ജില്ലയിലും കെട്ടിക്കിടക്കുന്ന ഇത്തരം വാഹനങ്ങള് സ്ഥല സൗകര്യമുള്ള ഒരു പോലീസ് സ്റ്റേഷനിലെ ഡംപിംഗ് യാര്ഡിലേക്കു മാറ്റിയിരുന്നു. ജെസിബി ഉപയോഗിച്ചു വാഹനങ്ങള് കംപ്രസ് ചെയ്തു ടിപ്പറുകളില് കയറ്റി ഡംപിംഗ് യാര്ഡില് കൂട്ടിയിട്ടിരിക്കുകയാണ്. ഈ വാഹനങ്ങളുടെ യാതൊരു വിവരങ്ങളും ലഭ്യമല്ലാത്ത സാഹചര്യമാണ്.
Sports
ലക്നൗ: ഇന്ത്യയുടെ ദേശീയ ടീം ജഴ്സി അണിയാൻ പുത്തൻ താരോദയം. ലക്നൗ ഇടം കൈയൻ പേസർ മൊഹ്സിൻ ഖാനാണ് ഇന്ത്യയുടെ ഭാവി പേസറെന്ന് ഒറ്റ ദിവസംകൊണ്ട് പേരെടുത്തത്.
വ്യത്യസ്ത ആക്ഷനും വേഗവും കൊണ്ട് പേസർമാർ അരങ്ങുവാഴാൻ ശ്രമിക്കുന്ന ഐപിഎൽ സീസണിൽ ലൈനും ലെങ്തും കൃത്യതയുമായി അരങ്ങുവാഴുകയാണ് മൊഹ്സിൻ.
2026 ഐപിഎൽ സീസണിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൊയ്താണ് താരം ശ്രദ്ധ നേടിയത്. ട്വന്റി20 ക്രിക്കറ്റിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ച താരം കോൽക്കത്ത നൈറ്റ റൈഡേഴ്സിന്റെ മുൻനിരയെ എറിഞ്ഞിട്ടാണ് ദേശീയ ടീമിൽ സ്പേസിനായി അവകാശവാദം ശക്തമാക്കുന്നത്.
നാല് ഓവറിൽ 23 റണ്സ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ഒരു ഓവർ മെയ്ഡനുമായിരുന്നു. ടിം സീഫെർട്ട് ആയിരുന്നു മൊഹ്സിന്റെ ആദ്യ ഇര. പിന്നാലെ കോൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, കാമറോണ് ഗ്രീൻ, റോവ്മാൻ പവൽ, അങ്കുൾ റോയ് എന്നിവരെയും മൊഹ്സിൻ വീഴ്ത്തി.
ഈ സീസണിൽ നാല് ഇന്നിംഗ്സുകളിൽനിന്ന് ഒന്പത് വിക്കറ്റുകൾ മൊഹ്സിൻ സ്വന്തമാക്കിക്കഴിഞ്ഞു. 90 പന്തുകളിൽ കൂടുതൽ എറിഞ്ഞ ബൗളർമാരിൽ താരത്തിന്റെ ഇക്കണോമി റേറ്റ് (6.37) ആണ്. ശരാശരി (11.33), സ്ട്രൈക്ക് റേറ്റ് (10.6), ഡോട്ട്-ബോൾ ശതമാനം (51) ബൗളിംഗിന്റെ എല്ലാ മേഖലയിലും മികച്ച നിലവാരം.
സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് നാല് മത്സരങ്ങൾ താരത്തിന് നഷ്ടമായിരുന്നു. ഫിറ്റ്നസ് വളരെക്കാലമായി അദ്ദേഹത്തിന് വെല്ലുവിളിയായിരുന്നു.
2022 സീസണിൽ അരങ്ങേറ്റം കുറിച്ച മൊഹ്സിൻ ഒന്പത് മത്സരങ്ങളിൽനിന്ന് 5.96 എന്ന ഇക്കോണമി റേറ്റിൽ 14 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. പരിക്കുകൾ താരത്തിന് വെല്ലുവിളിയായി. കഴിഞ്ഞ വർഷത്തെ ഐപിഎൽ പൂർണമായും നഷ്ടമായി.
ഫിറ്റ്നസ് ദീർഘകാലത്തേക്ക് നിലനിർത്തുകയാണ് മൊഹ്സിന് മുന്നിലുള്ള വെല്ലുവിളി. പ്രതിഭ തെളിയിച്ച താരത്തിന് ഉടൻ ദേശീയ ടീമിൽ ഇടം പിടിക്കാനാകുമെന്ന് മുൻ താരം സഞ്ജയ് ബംഗാർ പറഞ്ഞു.
International
ഹൂസ്റ്റൺ: ചന്ദ്രനെ ചുറ്റാൻ പുറപ്പെട്ട ബഹിരാകാശ സഞ്ചാരികൾ പകർത്തിയ ഭൂമിയുടെ ആദ്യചിത്രം അമേരിക്കയിലെ നാസ ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.
ആർട്ടിമിസ് രണ്ടാം ദൗത്യം പാതി ദൂരം പിന്നിട്ട വേളയിൽ മിഷൻ കമാൻഡർ റീഡ് വൈസ്മാനാണ് ചിത്രം പകർത്തിയത്.
അറ്റ്ലാന്റിക് സമുദ്രഭാഗം ദൃശ്യമാകുന്ന ചിത്രത്തിൽ കടും നീല നിറത്തിലാണ് ഭൂമി ദൃശ്യമാകുത്. ഹെല്ലോ, വേൾഡ് എന്നാണ് ചിത്രത്തിന്റെ പേര്.
അർട്ടിമിസ് ദൗത്യം ഇന്നലെ ഉച്ചയോടെ ഭൂമിയിൽനിന്ന് 2,28,500 കിലോമീറ്റർ പിന്നിട്ടു. ചന്ദ്രനിലേക്ക് അവശേഷിക്കുന്നത് 2,11,200 കിലോമീറ്റർ ദൂരം.
ആർട്ടിമിസ് ദൗത്യത്തിന്റെ ഭാഗമായി റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, ജെറമി ഹാൻസൺ എന്നീ നാലു ബഹിരാകാശ സഞ്ചാരികളാണ് ഓറിയോൺ പേടകത്തിൽ ചന്ദ്രനിലേക്കു നീങ്ങുന്നത്.
പാതിദൂരം പിന്നിട്ടുവെന്ന അറിയിപ്പു ലഭിച്ചപ്പോൾ സഞ്ചാരികളെല്ലാം വളരെ സന്തോഷത്തിലായെന്ന് ക്രിസ്റ്റീന കോച്ച് പറഞ്ഞതായി നാസ അറിയിച്ചു.
Kerala
പരമ്പരാഗത രീതിയിൽനിന്ന് മാറി ചിന്തിക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾക്ക് പലപ്പോഴും കഴിയാറില്ല. യുവാക്കൾക്കും വനിതകൾക്കുമെല്ലാം കൂടുതൽ സീറ്റ് നൽകുമെന്നു പറയാറുണ്ടെങ്കിലും പ്രായോഗിക തലത്തിൽ നടപ്പിലാക്കാൻ തടസങ്ങൾ ഏറെയാണ്.
മത, ജാതി, സാമൂഹിക സമവാക്യങ്ങൾ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നു. ഇതിനിടയിൽ ഫൈറ്റ് ചെയ്താണ് യുവാക്കൾ അവസരം നേടിയെടുക്കുന്നത്. ഇത്തവണ ചെറിയ തോതിലെങ്കിലും മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
യുഡിഎഫ് ആണ് ഇക്കുറി യുവാക്കളെ കൂടുതൽ രംഗത്തിറക്കിയിരിക്കുന്നത്. 15ലധികം യുവ സ്ഥാനാർഥികൾ യുഡിഎഫിൽനിന്ന് ജവനിധി തേടുന്നു. ചെറുപ്പക്കാർ മത്സരിക്കുന്ന മണ്ഡലങ്ങളിൽ മത്സരത്തിന്റെ ആവേശം ഏറെ പ്രകടമാണ്. ഈ തെരഞ്ഞെടുപ്പിലെ പ്രമുഖ പാർട്ടികളിലെ യുവസ്ഥാനാർഥികളെക്കുറിച്ച്...
► യുഡിഎഫ് മുത്താര മുതൽ രമ്യ വരെ
28കാരി മുത്താര രാജ് മുതൽ നാൽപതു വയസുള്ള രമ്യ ഹരിദാസ് വരെ 15 പേർ യുഡിഫ് ലിസ്റ്റിൽ യുവസാന്നിധ്യങ്ങളായി ഉണ്ട്. യുഡിഎഫിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയാണ് മാവേലിക്കരയിൽ മത്സരിക്കുന്ന കോൺഗ്രസിന്റെ മുത്താര രാജ്. ഇവിടെ മുത്താരയോട് ഏറ്റുമുട്ടുന്നതും യുവസാരഥി തന്നെ. സിപിഎമ്മിന്റെ എം.എസ്. അരുൺകുമാർ.
സിറ്റിംഗ് എംഎൽഎ ആയ അരുൺകുമാർ മണ്ഡലത്തിൽ ഏറെ പോപ്പുലറാണ്. എന്നാൽ മുത്താരയുടെ വരവ് യുഡിഎഫ് കേന്ദ്രങ്ങളിൽ ആവേശം ഉണർത്തിയിട്ടുണ്ട്. നല്ലൊരു മത്സരം കാഴ്ചവയ്ക്കാൻ മുത്താരയ്ക്ക് കഴിയുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നു. മാവേലിക്കര ജില്ലാ കോടതിയിലെ അഭിഭാഷകയായ മുത്താര എഐസിസി എസ്സി വകുപ്പിന്റെ ദേശീയ കോ- ഓർഡിനേറ്ററാണ്.
ആലപ്പുഴയിൽ മത്സരിക്കുന്ന എ.ഡി. തോമസ്, ബാലുശേരിയിൽ മാറ്റുരയ്ക്കുന്ന വി.ടി. സൂരജ് എന്നിവരാണ് കോൺഗ്രസിന്റെ മറ്റു രണ്ട് യുവമുഖങ്ങൾ. ഇരുവർക്കും പ്രായം മുപ്പത്. മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്നും പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് എ.ഡി. തോമസിന്റെ വരവ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിന്റെ പേരിൽ ഗൺമാന്റെ മർദനമേറ്റ് വാർത്തകളിൽ സ്ഥാനം പിടിച്ച ഈ ആലപ്പുഴക്കാരൻ കെഎസ്യു ആലപ്പുഴ ജില്ലാപ്രസിഡന്റാണ്.
സിപിഎമ്മിലെ സീനിയർ നേതാവ് ജെ. ചിത്തരഞ്ജനോടാണ് തോമസ് ഏറ്റമുട്ടുന്നത്. ഇടതുകേന്ദ്രമായ ബാലുശേരിയിൽ സിറ്റിംഗ് എംൽഎ ആയ കെ.എം. സച്ചിദേവിനോടാണ് കോൺഗ്രസിന്റെ വി.ടി. സൂരജിന്റെ മത്സരം. കെഎസ്യുവിന്റെ മുന്നണിപ്പോരാളിയായ സൂരജും സിപിഎമ്മിന്റെ യുവമുഖമായ സച്ചിൻദേവും ഏറ്റുമുട്ടുമ്പോൾ ഇടത് കോട്ടയാണെങ്കിലും മികച്ചൊരു പോരാട്ടമാകും അവിടെ അരങ്ങേറുക.
നാദാപുരത്ത് കെ.എം. അഭിജിത്തും പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയയും യുഡിഎഫ് നിരയിൽ യുവമുഖങ്ങളായി എത്തുന്നു. ഇരുവരും മത്സരിക്കുന്നത് ഇടതുമുന്നണിയിലെ സീനിയർ നേതാക്കന്മാരോടാണ്. സിപിഐയിലെ മുതിർന്ന നേതാവ് പി. വസന്തത്തെയാണ് അഭിജിത്ത് നേരിടുന്നത്. യൂത്ത് കോൺഗ്രസിന്റെ പ്രമുഖ നേതാവായ അഭിജിത്ത് കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിന് യുഡിഎഫിനു കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്.
മുസ്ലിം ലീഗിന്റെ തീപ്പൊരി നേതാവ് ഫാത്തിമ ഏറ്റുമുട്ടുന്നത് ഇടത് മുന്നണി കൺവീനർ കൂടിയായ ടി.പി. രാമകൃഷ്ണനോടാണ്. ഇടതിന്റെ ഉറച്ച കോട്ടയെന്നു കരുതുന്ന പേരാമ്പ്രയിൽ ഫാത്തിമയുടെ സാന്നിധ്യം നല്ല മത്സരപ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ ജനവിധി തേടുന്പോൾ മറ്റൊരു യുവ നേതാവ് അബിൻ വർക്കി ആറന്മുളയിൽ മന്ത്രി വീണജോർജിനെ നേരിടുന്നു. രമ്യ ഹരിദാസ്- ചിറയിൻകീഴ്, വി.പി. അബ്ദുൾ റഷീദ് -ധർമടം, പി.എൻ. വൈശാഖ് -വടക്കാഞ്ചേരി, ചാണ്ടി ഉമ്മൻ -പുതുപ്പള്ളി, സുധീർഷ പാലോട് -വാമനപുരം എന്നിവരാണ് കോൺഗ്രസിലെ മറ്റു യുവമുഖങ്ങൾ. മുസ്ലിം ലീഗിൽനിന്ന് പി.കെ. നവാസ്- താനൂർ, ആർഎസ്പിയുടെ വിഷ്ണുമോഹൻ- ഇരവിപുരം എന്നിവരും യുഡിഎഫിന്റെ യുവസാരഥികളാണ്.
► എൽഡിഎഫ് ഏറെയില്ല യുവസാന്നിധ്യം
സിറ്റിംഗ് സീറ്റുകളിലെ യുവാക്കൾ ഒഴിച്ചാൽ ഇടതുമുന്നണി പ്രത്യേകിച്ച് സിപിഎം യുവാക്കൾക്ക് കാര്യമായ പ്രാതിനിധ്യം നൽകിയിട്ടില്ല. മട്ടന്നൂരിൽ മത്സരിക്കുന്ന നാൽപതു പിന്നിട്ട വി. കെ. സനോജ് ആണ് സിപിഎമ്മിന്റെ പുതിയ മുഖം.
സിപിഐ അടൂരിൽ 32കാരിയായ പ്രിജി കണ്ണനും സീറ്റ് നൽകി. കെ.എം. സച്ചിൻദേവ്- ബാലുശേരി, ലിന്റോ ജോസഫ്- തിരുവന്പാടി, ഭഗത് റൂഫസ് -കോവളം, പി. ജിജി- കൊണ്ടോട്ടി, എം.എസ്. അരുൺകുമാർ- മാവേലക്കര, എം. വിജിൻ- കല്യാശേരി എന്നിവരാണ് എൽഡിഎഫിലെ മറ്റു യുവ സ്ഥാനാർഥികൾ.
► ആതിര - ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി
ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർഥി ആതിര ഡി. നായരാണ് (ട്വന്റി ട്വന്റി) മുന്നണിസ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ. റോബിൻ രാധാകൃഷ്ണൻ- കുണ്ടറ, ശങ്കു ടി. ദാസ്- ഷൊർണൂർ, അഖിൽ മാരാർ-തൃക്കാക്കര, ശ്യാം. പി. രാജ് തുടങ്ങി പതിനഞ്ചോളം യുവമുഖങ്ങളെ ബിജെപി രംഗത്തിറക്കുന്നുണ്ട്.
► വനിതാ സ്ഥാനാർഥികളിൽ എൽഡിഎഫ് മുന്നിൽ
വനിതകൾക്ക് സീറ്റു നല്കുന്നതിൽ ഇത്തവണയും എൽഡിഎഫ് ആണ് മുന്നിൽ. 18 വനിതകൾ എൽഡിഎഫിൽ മത്സരത്തിനെത്തുന്പോൾ യുഡിഎഫിൽ 12, എൻഡിഎ-16 എന്നിങ്ങനെയാണ് വനിതാ സ്ഥാനാർഥികൾ. എൽഡിഎഫിൽ സിപിഎം 12 വനിതകളെ സ്ഥാനാർഥികളാക്കിയപ്പോൾ സിപിഐ അഞ്ചുസ്ത്രീകൾക്ക് അവസരം നല്കി.
Leader Page
പതിറ്റാണ്ടുകളായി, ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) ഇന്ത്യൻ ശാസ്ത്രസ്ഥാപനങ്ങളുടെ കിരീടത്തിലെ രത്നമാണ്. ആഗോള ബഹിരാകാശ സമൂഹത്തിൽ, ഗോലിയാത്തുമാരെ സ്ഥിരമായി മറികടക്കുന്ന ഒരു ‘ദാവീദ്’ ആണ് ഐഎസ്ആർഒ. മംഗൾയാൻ എന്നറിയപ്പെടുന്ന ചൊവ്വ ഗ്രഹദൗത്യത്തിലൂടെ, ആദ്യശ്രമത്തിൽതന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ എത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ. ചന്ദ്രയാൻ-3 ദൗത്യത്തിലൂടെ, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചാന്ദ്ര റോവർ ഇറക്കുന്ന ആദ്യരാജ്യമായും ഇന്ത്യ മാറി. ഒരു ഹോളിവുഡ് ബഹിരാകാശ സിനിമ വിപണയിലിറക്കുന്നതിന് ആവശ്യമായ തുകപോലുമില്ലാത്ത ബജറ്റുകൊണ്ടാണ് ഇന്ത്യ ഇതെല്ലാം നേടിയത്.
എന്നാൽ, കഴിഞ്ഞ വർഷം, പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) തുടർച്ചയായ രണ്ടു വിക്ഷേപണ പരാജയങ്ങൾ ഉൾപ്പെടെ, മൂന്നു വലിയദൗത്യ പരാജയങ്ങൾ ഐഎസ്ആർഒയുടെ മഹത്തായ ചരിത്രത്തിന്റെ പ്രഭ കെടുത്തി. ‘ലാഭകരമായ ചെലവഴിക്കൽ’, ‘അചഞ്ചലമായ വിശ്വാസ്യത’ എന്നീ ഇരട്ടത്തൂണുകളിൽ നിർമിച്ച ഒരു പദ്ധതിക്ക്, ഇതൊരു സാങ്കേതിക തിരിച്ചടി എന്നതിലുപരി ഖ്യാതിയെ ബാധിക്കുന്നതാണ്; തിരക്കേറിയ വാണിജ്യ വിപണിയിൽ ഇന്ത്യയുടെ സ്ഥാനത്തിന് ഭീഷണിയാകുന്ന ഒന്ന്.
ഏകദേശം 30 വർഷമായി ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ പ്രധാന ചാലകശക്തിയായിരുന്നു പിഎസ്എൽവി. അത് ഇന്ത്യയെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും എത്തിച്ചു, കൂടാതെ ഏകദേശം 400 വിദേശ ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിക്കുകയും ചെയ്തു. ഇത് ആഗോള വിക്ഷേപണ വിപണിയിൽ ഇന്ത്യക്ക് ലാഭകരമായ ഒരു വിഹിതം നേടിക്കൊടുത്തു. എന്നാൽ, PSLV-C61 (മേയ് 2025), PSLV-C62 (ജനുവരി 2026) ദൗത്യങ്ങളിലെ മൂന്നാം ഘട്ടത്തിലുണ്ടായ അടുത്തിടെയുള്ള അസ്വാഭാവികതകൾ ഭൗമനിരീക്ഷണ, തന്ത്രപ്രധാന ഉപഗ്രഹങ്ങൾ നഷ്ടപ്പെടാൻ കാരണമായി.
ഈ അപകടങ്ങൾ, ഐഎസ്ആർഒയുടെയും അതിന്റെ യഥാർഥ ദൗത്യത്തിന്റെയും ഇടയിൽ വർധിച്ചുവരുന്ന വിടവിന്റെ ഒരു ഭാഗമായിരിക്കാം. തുടക്കത്തിൽ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി ഇന്ത്യൻ ജനതയുടെ ആവശ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. വികസനത്തിനായി ഉപഗ്രഹ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ പദ്ധതി ജീവിതങ്ങളെ മാറ്റിമറിക്കുകയും സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ലോകത്തിലെ ഇന്ത്യയുടെ സ്ഥാനം പുനർനിർവചിക്കുകയും ചെയ്യുമെന്നായിരുന്നു യുക്തി. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഒരു ജീവനാഡിയായി മാറിയ ശക്തമായ ഒരു ഉപഗ്രഹ ശൃംഖല നിർമിച്ചുകൊണ്ട് ഐഎസ്ആർഒ ഈ കാഴ്ചപ്പാട് യാഥാർഥ്യമാക്കി.
ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റവും പിന്നീട് ജിയോസിൻക്രൊണസ് സാറ്റലൈറ്റ് പരമ്പരയും വിദൂരഗ്രാമങ്ങളിൽ കണക്ടിവിറ്റി എത്തിച്ചു. ഇത് സേവനങ്ങൾ കുറവുള്ള ജനങ്ങൾക്ക് ടെലിമെഡിസിനും, മറ്റു സാഹചര്യങ്ങളിൽ പിന്നോട്ടു പോകാൻ സാധ്യതയുള്ള വിദ്യാർഥികൾക്ക് വിദൂര വിദ്യാഭ്യാസത്തിനും വഴിയൊരുക്കി. പഞ്ചാബിലെയും തമിഴ്നാട്ടിലെയും കൃഷിയിടങ്ങളിൽ, വിളകളുടെ ആരോഗ്യം നിരീക്ഷിക്കാനും ജലവിഭവങ്ങൾ കൈകാര്യം ചെയ്യാനും കർഷകർ റിസോഴ്സാസാറ്റ് പോലുള്ള ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളിൽനിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നു. ചുഴലിക്കാറ്റ് സീസണിൽ, ഐഎസ്ആർഒ ഉപഗ്രഹങ്ങളിൽനിന്നുള്ള മുൻകൂട്ടിയുള്ള മുന്നറിയിപ്പുകൾ ദുരിതബാധിതമായേക്കാവുന്ന ജനങ്ങളെ ഒഴിപ്പിക്കാനും ജീവൻ രക്ഷിക്കാനും സഹായിക്കുന്നു. ഇത് ദൈനംദിന ജീവിതത്തിൽ ഉറച്ച കാൽപ്പാടുകളുള്ള ബഹിരാകാശ സാങ്കേതികവിദ്യയാണ്.
ആയിരക്കണക്കിന് ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും സാങ്കേതിക വിദഗ്ധരെയും തൊഴിൽ നൽകിക്കൊണ്ടും, നിർമാണം മുതൽ സോഫ്റ്റ്വേർ വികസനം വരെയുള്ള വ്യവസായങ്ങളിലെ അസംഖ്യം ആളുകളെ പരോക്ഷമായി പിന്തുണച്ചുകൊണ്ടും ബഹിരാകാശ മേഖല സമ്പദ്വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. നേരിട്ടുള്ള മൂല്യവർധന വഴിയല്ല, മറിച്ച് ഉപഗ്രഹ ഡാറ്റയെ ആശ്രയിക്കുന്ന മേഖലകളിലെ ഉത്പാദനക്ഷമത വർധിപ്പിക്കുന്നതിലൂടെയും ഈ മേഖല ഇന്ത്യൻ സമ്പദ്വ്യവസ്ഥയ്ക്ക് കോടിക്കണക്കിന് ഡോളർ സംഭാവന നൽകുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ വരുന്നതിനും വളരെമുന്പേ തന്നെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, അദ്ദേഹത്തിന്റെ ‘ആത്മനിർഭർ ഭാരത്’ (സ്വയംപര്യാപ്ത ഇന്ത്യ) എന്ന കാഴ്ചപ്പാടിനെ മുന്നോട്ടു കൊണ്ടുപോയിരുന്നു. പിഎസ്എൽവി പോലുള്ള സ്വന്തം വിക്ഷേപണ വാഹനങ്ങൾ വികസിപ്പിച്ചുകൊണ്ട്, വിദേശ സാങ്കേതികവിദ്യയിലുള്ള ആശ്രിതത്വം കുറയ്ക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഇത് കൂടുതൽ വിപുലമായ നൂതനാശയങ്ങൾക്ക് പ്രചോദനമായി, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ ഒരു സജീവമായ ഇക്കോസിസ്റ്റം സൃഷ്ടിക്കാൻ സഹായിച്ചു.
കൂടാതെ, ഐഎസ്ആർഒയുടെ വാണിജ്യവിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നത് വലിയ വരുമാനം നേടുന്നതിനും ഇന്ത്യയുടെ ബഹിരാകാശ സാമർഥ്യം പ്രകടിപ്പിക്കുന്നതിനും സഹായിച്ചിട്ടുണ്ട്. ലോക ബഹിരാകാശ വിപണിയിൽ, മിതവ്യയവും മികവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുമെന്നു തെളിയിച്ചുകൊണ്ട്, വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഒരു ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു.
ഇന്ത്യയുടെ നേട്ടങ്ങൾ രാജ്യത്തിന് നയതന്ത്രപരമായ സ്വാധീനം നൽകിയിട്ടുണ്ട്, ഇത് ബഹിരാകാശ പര്യവേക്ഷണത്തിലും ഗവേഷണത്തിലും ഒരു തുല്യ പങ്കാളിയായി മഹാശക്തികളുമായി ഇടപഴകാൻ രാജ്യത്തെ പ്രാപ്തമാക്കുന്നു. മംഗൾയാൻ, ചന്ദ്രയാൻ-3 പോലുള്ള ദൗത്യങ്ങൾ ഇന്ത്യയെ ലോകവേദിയിൽ ഉയർത്തുമ്പോൾ, അവ ഒരു തലമുറയിലെ യുവ ഇന്ത്യക്കാരെ വലിയ സ്വപ്നങ്ങൾ കാണാനും ഏറ്റവും മികച്ചവരുമായി മത്സരിക്കാൻ കഴിയുമെന്ന് വിശ്വസിക്കാനും ശാസ്ത്ര-സാങ്കേതിക രംഗത്ത് കരിയർ തുടരാനും പ്രചോദിപ്പിക്കുന്നു.
എന്നാൽ, നൂതനാശയങ്ങളെ വേഗത്തിൽ വാണിജ്യവത്കരിക്കാനുള്ള സമ്മർദം, പ്രശസ്തമായ പദ്ധതികൾ മുന്നോട്ടു കൊണ്ടുപോകൽ, ഇന്ത്യൻ ബഹിരാകാശ യാത്രികരെ ബഹിരാകാശത്തേക്ക് അയയ്ക്കൽ എന്നിവയുൾപ്പെടെ ഐഎസ്ആർഒയുടെ വളർന്നുവരുന്ന അഭിലാഷം ഗുണനിലവാര നിയന്ത്രണത്തെയും വിതരണ ശൃംഖലകളെയും സമ്മർദത്തിലാക്കുന്നു എന്ന് സമീപകാലത്തെ ഇടർച്ചകൾ സൂചിപ്പിക്കുന്നു. ഈ പ്രശ്നത്തിന് ഒരു കാരണം വിഭവങ്ങളുടെ അഭാവമാണ്: ഇന്ത്യ അതിന്റെ മുൻകാല നേട്ടങ്ങൾ കൈവരിച്ചത് പരിമിതമായ ബജറ്റിലായിരുന്നു. അതുകൊണ്ടുതന്നെ ആ ബജറ്റ് ശ്രദ്ധേയമായിരുന്നു. ഒരുകാലത്ത് ശാസ്ത്രീയ ജിജ്ഞാസയുടെ വേദിയോ വികസന ലക്ഷ്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു വേദിയോ ആയിരുന്ന ബഹിരാകാശം, ദേശീയ സുരക്ഷയുടെ ഏറ്റവും പ്രധാനപ്പെട്ട താവളമായി മാറുമ്പോൾ, ഈ പരിമിതി അവഗണിക്കാൻ കഴിയാത്ത ഒന്നായി മാറുന്നു.
കണക്കുകൾ ഒരു വ്യക്തമായ ചിത്രം നൽകുന്നു. ഇന്ത്യ ബഹിരാകാശത്തിനായി പ്രതിവർഷം ഏകദേശം രണ്ടു ബില്യൺ ഡോളർചെലവഴിക്കുമ്പോൾ, ചൈന 16 ബില്യണും അമേരിക്ക 25 ബില്യണും ചെലവഴിക്കുന്നു. നിലവിൽ ഇന്ത്യ ഏകദേശം 21 സജീവ നിരീക്ഷണ ഉപഗ്രഹങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ, ചൈന പ്രവർത്തിപ്പിക്കുന്നത് ആയിരത്തിലധികം ഉപഗ്രഹങ്ങളാണ്, അതിൽ 250 എണ്ണം പ്രതിരോധത്തിനായി നീക്കിവച്ചവയാണ്.
ഈ വെല്ലുവിളിയെ കൂടുതൽ വഷളാക്കിക്കൊണ്ട്, കഴിഞ്ഞ വർഷം പാകിസ്ഥാന്റെ ഉപയോഗത്തിനായി നാല് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ചൈന സഹായിച്ചു, കൂടാതെ, 20 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നതിനായി സെപ്റ്റംബറിൽ ഇരു രാജ്യങ്ങളും 406 മില്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ചു. അതേസമയം, സമീപകാലത്തെ ദൗത്യ പരാജയങ്ങൾ അഞ്ചു വർഷത്തിനുള്ളിൽ 60 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിൽ സംശയങ്ങൾ ഉയർത്തുന്നു.
കുറഞ്ഞ വിക്ഷേപണങ്ങളും ദീർഘമായ ഇടവേളകളും ഇന്ത്യയുടെ മത്സരക്ഷമതയെ ദുർബലപ്പെടുത്തിയിട്ടുണ്ട്. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണ വിപണിയിൽ ഇന്ത്യയുടെ വിഹിതം 2017ൽ 35 ശതമാനം ആയിരുന്നത്, കൂടുതൽ കാര്യക്ഷമരായ അന്താരാഷ്ട്ര കമ്പനികൾ വർധിച്ചുവരുന്ന ആവശ്യം മുതലെടുത്തതോടെ 2024ഓടെ പൂജ്യത്തിലേക്ക് തകർന്നു. അതേസമയം, ഐഎസ്ആർഒ അഭിമാന പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വർക്കല വില്ലേജിൽ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയ്ക്ക് ഓഫിസ് കം റസിഡൻഷ്യൽ കോംപ്ലക്സ് നിർമിക്കാൻ 20.23 ആർ ഭൂമി പതിച്ചു നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.
വർക്കല ബ്ലോക്ക് 174 റീസർവ്വേ നം. 34 ൽ ഉൾപ്പെട്ട 1.61 ഹെക്ടർ ഭൂമിയിൽ നിന്നുമാണ് 20.23 ആർ ഭൂമി പതിച്ചു നൽകുക. 2,59,95,692 രൂപ കന്പോള വില ഈടാക്കിയാണ് ഭൂമി പതിച്ചു നൽകുക.
International
കാലിഫോർണിയ: ബഹിരാകാശ നിലയത്തിൽനിന്നും ആരോഗ്യപ്രശ്നം നേരിടുന്ന സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ നാലോടെയാണ് അണ്ഡോക്കിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. ഓസ്ട്രേലിയയ്ക്ക് മുകളിൽവച്ചായിരുന്നു അണ്ഡോക്കിംഗ്.
ഭൂമിയിലേക്ക് പത്തര മണിക്കൂർ യാത്രയ്ക്കുശേഷം ഉച്ചയ്ക്ക് 2.11ന് പേടകം കടലിൽ ഇറങ്ങും. കാലിഫോർണിയയുടെ തീരത്തോട് ചേർന്നാണ് പേകടം കടലിൽ ഇറങ്ങുക. പ്രത്യേക ബോട്ടുപയോഗിച്ച് പേടകത്തെ വീണ്ടെടുത്ത് യാത്രികരെ സുരക്ഷിതരായി പുറത്തെടുക്കും.
ഫെബ്രുവരിയിൽ മടങ്ങേണ്ടിയിരുന്ന നാലംഗ സംഘത്തിൽ ഒരാൾക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങുന്നത്. നാസയുടെ സെന കാർഡ്മാനും മൈക്ക് ഫിൻകെയും, ജാക്സയുടെ കിമിയ യുയിയും പിന്നെ റോസ്കോസ്മോസിന്റെ ഒലെഗ് പ്ലാറ്റനോവും അടങ്ങുന്നതാണ് ക്രൂ 11 സംഘം. ഇതിൽ നാസയുടെ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നമുള്ളത്. എന്താണ് പ്രശ്നമെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസി വെളിപ്പെടുത്തില്ല.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ദൗത്യം വെട്ടിച്ചുരുക്കുന്നതും മടക്കയാത്ര നേരത്തേയാക്കുന്നതും.
National
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 റോക്കറ്റ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് തിങ്കളാഴ്ച രാവിലെ 10:17നാണ് പിഎസ്എൽവി-സി 62 വിക്ഷേപിച്ചത്.
ഐഎസ്ആർഒയുടെ 2026-ലെ ആദ്യവിക്ഷേപണത്തിൽ ഭൗമനിരീക്ഷണത്തിനായുള്ള അന്വേഷ ഉൾപ്പെടെ 16 ഉപഗ്രഹങ്ങളാണ് ബഹിരാകാശത്ത് എത്തിക്കുക. പിഎസ്എല്വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യം എന്ന നിലയിലും 2026ലെ ആദ്യ വിക്ഷേപണം എന്ന നിലയിലും ഇസ്രോയെ സംബന്ധിച്ച് വളരെ നിര്ണായകമാണ് പിഎസ്എല്വി-സി62.
ഭൗമോപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഇഒഎസ്-എൻ1 (അന്വേഷ) ആണ് ദൗത്യത്തിലെ പ്രധാന ഉപഗ്രഹം. അന്വേഷയിൽ നിന്നുള്ള വിവരങ്ങൾ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടന (ഡിആർഡിഒ) ആയിരിക്കും ഉപയോഗിക്കുക.
511 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുന്ന അന്വേഷയുടെ വിശദാംശങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടിട്ടില്ല.
അന്വേഷയ്ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്.
ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്. ഇന്ത്യൻ കമ്പനിയായ ഓർബിറ്റ് എയിഡിന്റെ ആയുൽസാറ്റ് എന്നൊരു ചെറു ഉപഗ്രഹവും ദൗത്യത്തിന്റെ ഭാഗമാണ്. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളിൽ ഇന്ധനം നിറയ്ക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ലക്ഷ്യം. ഇത് വിജയിച്ചാൽ അതും ചരിത്രമാകും.
ധ്രുവ സ്പേസ് എന്ന ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ അഞ്ച് ചെറു ഉപഗ്രഹങ്ങളും പിഎസ്എൽവി-സി62 ബഹിരാകാശത്ത് എത്തിക്കും.
Special News
നക്ഷത്രങ്ങള്ക്കിടയിലെ അനന്തതയിൽനിന്നു നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥികള് വരുന്നത് അപൂര്വമായ കാഴ്ചയാണ്. ഓമുവാമുവ-യ്ക്കും (2017), ബോറിസോവി-നും (2019) ശേഷം എത്തിയ 3I/ATLAS എന്ന മൂന്നാമത്തെ വസ്തുവും ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളെ ആകാംക്ഷയുടെ മുള്മുനയില് നിര്ത്തിയിരുന്നു. ഇതു വെറുമൊരു ധൂമകേതുവാണോ അതോ അന്യഗ്രഹജീവികള് അയച്ച പേടകമാണോ എന്ന തര്ക്കങ്ങള്ക്കാണ് ഇപ്പോള് ശാസ്ത്രലോകം കൃത്യമായ മറുപടി നല്കിയിരിക്കുന്നത്.
2025 ജൂലൈയില് ദൃശ്യമായ ഈ വസ്തുവിന്റെ സഞ്ചാരപാതയും പ്രകൃതവും തുടക്കം മുതലേ സംശയങ്ങള്ക്കിടയാക്കിയിരുന്നു. പ്രശസ്ത ഹാര്വാര്ഡ് ശാസ്ത്രജ്ഞന് ആവി ലോബ് ഉള്പ്പെടെയുള്ളവര് ഇതൊരു കൃത്രിമ വസ്തുവാകാനുള്ള സാധ്യത തള്ളിക്കളഞ്ഞില്ല. എന്നാല്, നാസ ഇതു കേവലം ഒരു ധൂമകേതു മാത്രമാണെന്ന് ഉറപ്പിച്ചു പറഞ്ഞു. എങ്കിലും, ആധുനിക റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനകള്ക്കൊടുവില് സത്യാവസ്ഥ പുറത്തുവന്നു.
ടെക്നോസിഗ്നേചർ തേടിയുള്ള യാത്ര
ഗ്രീന് ബാങ്ക് ടെലിസ്കോപ്പ്, മീര്കാറ്റ് തുടങ്ങിയ ലോകോത്തര റേഡിയോ ടെലിസ്കോപ്പുകള് ഉപയോഗിച്ചാണ് ഗവേഷകര് 3I/ATLAS-നെ നിരീക്ഷിച്ചത്. അന്യഗ്രഹ സാങ്കേതികവിദ്യയുടെ അടയാളങ്ങളായ ടെക്നോസിഗ്നേച്ചറുകള് (Technosignatures) കണ്ടെത്തുകയായിരുന്നു ലക്ഷ്യം.
അത്തരത്തിലൊരു സിഗ്നല് ലഭിച്ചിരുന്നെങ്കില് ഞങ്ങള് ഏറെ ആവേശഭരിതരായേനെ. പക്ഷേ, അവിടെ കൃത്രിമമായി ഒന്നുമില്ല- ബെഞ്ചമിന് ജേക്കബ്സണ് (യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്ണിയ) പറഞ്ഞു.
ഈ നിരീക്ഷണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സൂക്ഷ്മതയായിരുന്നു.
ഗ്രീന് ബാങ്ക് ടെലിസ്കോപ്പിന്റെ കരുത്ത് എത്രത്തോളമാണെന്ന് വ്യക്തമാക്കാന് ജേക്കബ്സണ് നല്കിയ ഉദാഹരണം ശ്രദ്ധേയമാണ്: ഒരു സാധാരണ സ്മാര്ട്ട്ഫോണ് ഏകദേശം ഒരു വാട്ട് ഊര്ജത്ിലാണ് റേഡിയോ തരംഗങ്ങള് പുറപ്പെടുവിക്കുന്നത്. എന്നാല്, 3I/ATLAS-ല് നിന്ന് ഒരു ഫോണിന്റെ പത്തിലൊന്ന് പവര് മാത്രമുള്ള (0.1 വാട്ട്) സിഗ്നല് ഉണ്ടായിരുന്നുവെങ്കില് പോലും തിരിച്ചറിയാന് ശാസ്ത്രജ്ഞര്ക്കു സാധിക്കുമായിരുന്നു. പരിശോധനയില് അത്തരം സിഗ്നലുകളൊന്നും ലഭിക്കാത്തതിനാല്, ഇതൊരു സ്വാഭാവിക ധൂമകേതു മാത്രമാണെന്ന് ശാസ്ത്രജ്ഞര് അടിവരയിടുന്നു.
സൗരയൂഥം വിടും
ഡിസംബര് 19ന് ഭൂമിയില്നിന്ന് ഏകദേശം 26.9 കോടി കിലോമീറ്റര് അകലെയാണ് 3I/ATLAS- കടന്നുപോയത്. നിലവില് ഇതു സൗരയൂഥം വിട്ടുപോകാനുള്ള യാത്രയിലാണ്. എങ്കിലും, ഈ നിഗൂഢ വസ്തുവിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് ശാസ്ത്രജ്ഞര് ഇപ്പോഴും വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു.
അന്യഗ്രഹ ജീവികളുടെ സാങ്കേതികവിദ്യ തേടിയുള്ള അന്വേഷണം ഇത്തവണ ഫലം കണ്ടില്ലെങ്കിലും, ഈ പഠനങ്ങള് ഭാവിയിലെ പര്യവേക്ഷണങ്ങള്ക്കു വലിയ മുതല്ക്കൂട്ടാണ്. മറ്റൊരു നക്ഷതരസമൂഹത്തില്നിന്ന് വന്ന ഈ വിരുന്നുകാരന്, പ്രപഞ്ചത്തിന്റെ രഹസ്യങ്ങളിലേക്ക് ഒരു വാതില്കൂടി തുറന്നിട്ടിരിക്കുകയാണ്.
Kerala
ശുഭാംശുവും സഹയാത്രികരും ഭൂമിയെ തൊട്ട നിമിഷങ്ങളിലെത്തിയപ്പോഴും ഹൃദയം നിലച്ച അവസ്ഥയിലായിരുന്നുവെന്ന് അമ്മ ആശ ശുക്ല. കലിഫോർണിയയിലെ പസഫിക് തീരത്ത് ഡ്രാഗണ് കാപ്സ്യൂൾ ഭൂമിയെ തൊടുന്പോൾ 13,000 കിലോമീറ്ററുകള് അകലെ ലക്നോയിൽ പ്രാർഥനാപൂർവം കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരിക്കുകയായിരുന്നു.
മടങ്ങിവരവിന്റെ ഓരോ നിമിഷവും വിറയ്ക്കുന്ന കൈകളോടെയാണ് അമ്മ കണ്ടുതീർത്തത്. നഗരത്തിലെ മോണ്ടിസോറി സ്കൂളില് സ്ഥാപിച്ച പ്രത്യേക സ്ക്രീനിലാണ് പിതാവ് ശംഭു ദയാല് ശുക്ല തുടങ്ങി മുഴുവൻ കുടുംബാംഗങ്ങളും മടക്കയാത്രയുടെ നിമിഷങ്ങൾ കണ്ടുതീർത്തത്.
“കാപ്സ്യൂള് സമുദ്രത്തില് തൊട്ടപ്പോഴേക്കും കരഞ്ഞുപോയി, ഹൃദയം നിലച്ചതുപോലുള്ള അവസ്ഥ...” സന്തോഷം അടക്കാനാകാതെ അമ്മ പറഞ്ഞുനിർത്തി.
അടുത്തമാസം 17ന് ശുഭാംശു ജന്മനാട്ടില്
ശുഭാംശുവിനെക്കുറിച്ച് ഏറെ അഭിമാനമുണ്ടെന്ന് അച്ഛൻ ശംഭു ദയാൽ പറഞ്ഞു. “ദൗത്യം വിജയിച്ചതും സുരക്ഷിത മടക്കയാത്രയുമെല്ലാം ആഹ്ലാദജനകമാണ്. ദൈവത്തിന് നന്ദി പറയുകയാണ് ഞങ്ങള്.”-മധുരം പങ്കുവച്ചുകൊണ്ട് അദ്ദേഹം പ്രതികരിച്ചു.
വ്യോമയാന മേഖലയുമായി ഒരു ബന്ധമില്ലാത്ത കുടുംബമായിരുന്നു ശുഭാംശുവിന്റേത്. 2006ല് വ്യോമസേനയില് ചേര്ന്നതാണ് ശുഭാംശുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. യുദ്ധവിമാനങ്ങളിൽ 2,000 മണിക്കൂറിലധികം പറക്കല് സമയം ശുഭാംശു പൂർത്തിയാക്കിയിട്ടുണ്ട്.
ബഹിരാകാശത്തിനിന്നും ഭൂമിയിലെത്തിയെങ്കിലും ശുഭാംശു ജന്മനാട്ടില് തിരിച്ചെത്തുന്നതിന് ഇനിയും ഏറെ ദിവസമെടുക്കും. അടുത്തമാസം 17ന് ശുഭാംശു ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്ട്ട്. ചരിത്രയാത്ര വിജയകരമായി പൂർത്തിയാക്കിയ ശുഭാംശുവിനെ രാഷ്ട്രപതി ദ്രൗപതി മുര്മു, പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല് ലക്ഷോപലക്ഷം ഇന്ത്യക്കാർ അഭിനന്ദനങ്ങള്കൊണ്ടു മൂടുകയാണ്.
ദൗത്യസംഘത്തിന്
അഭിനന്ദനം: രാഷ്ട്രപതി
ദൗത്യത്തില് പങ്കാളികളായ മുഴുവന് പേരെയും അഭിനന്ദിക്കുകയാണെന്നു രാഷ്ട്രപതി ദ്രൗപതി മുര്മു. ശുഭാംശു ശുക്ല വഹിച്ച നേതൃപരമായ പങ്ക് ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിൽ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
കോടിക്കണക്കിന്
ഇന്ത്യക്കാർക്കു
പ്രചോദനം: മോദി
“ബഹിരാകാശത്തെ ചരിത്രദൗത്യത്തില്നിന്ന് ഭൂമിയില് മടങ്ങിയെത്തിയ ക്യാപ്റ്റന് ശുഭാംശുവിനെ വരവേല്ക്കാന് രാജ്യത്തിനൊപ്പം ഞാനും ചേരുകയാണ്” സമൂഹമാധ്യമമായ എക്സിലെ അഭിനന്ദനസന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
“അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്ശിച്ച ആദ്യ ഇന്ത്യക്കാരനെന്ന നിലയിൽ പൂർണസമർപ്പണവും ധൈര്യവും നേതൃപാടവവുംവഴി കോടിക്കണക്കിനു ജനങ്ങളുടെ സ്വപ്നങ്ങളെ പ്രചോദിപ്പിക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളിലെ മറ്റൊരു നാഴികക്കല്ലാണിത്”-സന്ദേശത്തില് മോദി കൂട്ടിച്ചേർത്തു.
അനുഭവസമ്പത്ത്
സുപ്രധാനം: ഐഎസ്ആര്ഒ
രാജ്യാന്തര നിലയത്തില്നിന്ന് ശുഭാംശു നേടിയ അനുഭവസമ്പത്ത് മനുഷ്യനെ അയക്കുന്ന രാജ്യത്തിന്റെ ഗഗന്യാന് പദ്ധതിക്ക് ഏറെ സഹായകരമാണെന്ന് ഐഎസ്ആര്ഒ സ്പേസ് ആപ്ലിക്കേഷന് സെന്റര് ഡയറക്ടര് നിലേഷ് എം. ദേശായി പറഞ്ഞു.
National
ശ്രമകരം, അതിസങ്കീര്ണം
ശുഭാംശു ഉള്പ്പെടെ സംഘത്തിന്റെ ബഹിരാകാശ യാത്ര തുടക്കം മുതല് ഏറെ ശ്രമകരവും അതിസങ്കീര്ണവുമായിരുന്നു. അനുദിനം മാറിമറിഞ്ഞശേഷമാണു യാത്ര തുടങ്ങിയത്. എന്നാൽ ബഹിരാകാശത്ത് എത്തിയശേഷം ദൗത്യം ഉദ്ദേശിച്ച ലക്ഷ്യങ്ങൾ പൂർത്തിയാക്കുകയും ചെയ്തു.
=കഴിഞ്ഞവര്ഷം അവസാനമാണു ദൗത്യം സ്ഥിരീകരിക്കുന്നത്. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സംവിധാനമായ ഐഎസ്ആര്ഒയും യുഎസിന്റെ നാസയും സഹകരിക്കുന്ന വാണിജ്യാടിസ്ഥാനത്തിലുള്ള ആക്സിയം -4 പ്രഖ്യാപിക്കുന്നു.
=ഈവര്ഷം ആദ്യം വിക്ഷേപിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല് കെന്നഡി സ്പേസ് സെന്ററിലെ സാങ്കേതിക പരിശോധനകളിലെ തിരിച്ചടികളും പ്രതികൂല കാലാവസ്ഥയും മൂലം യാത്ര പലതവണ യാത്ര മാറ്റിവച്ചു
=ഒടുവില് ശുഭയാത്ര. കഴിഞ്ഞമാസം 25ന് സ്പേസ് എക്സിന്റെ ഫാല്ക്കണ്- 9 റോക്കറ്റില് ബഹിരാകാശത്തേക്ക്.
=പതിനെട്ടുദിവസം നീളുന്ന ഗവേഷണ പരീക്ഷണങ്ങള്ക്കായി യാത്രികർ ബഹിരാകാശ നിലയത്തില് ഇറങ്ങുന്നു.
=ഇന്ത്യന് സാഹചര്യങ്ങള്ക്ക് അനുസൃതമായ പരീക്ഷണങ്ങളായിരുന്നു നിലയത്തില് ശുഭാംശു നിര്വഹിച്ചത്. ബീന്സിന്റെയും ഉലുവയുടെയും വിത്തുകള് വിതച്ച മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങള്, സ്റ്റെം സെല് ഗവേഷണം, കാര്ഷിക വികസനമാര്ഗങ്ങള് എന്നിവ ഇതിലുൾപ്പെട്ടിരുന്നു.
=ഭൂമിയിലേക്കുള്ള ആശയവിനിമയത്തിന്റെ ഭാഗമായി അമച്വര് റേഡിയോ, വീഡിയോ ലിങ്കുകള് എന്നിവവഴി പ്രധാനമന്ത്രി നരേന്ദ്ര മോദി, ഐഎസ്ആര്ഒ ഗവേഷകര്, വിദ്യാര്ഥികള് തുടങ്ങിയവരുമായി ആശയവിനിമയം.
=ഞായറാഴ്ചയായിരുന്നു വിടവാങ്ങല് ചടങ്ങ്. ഐഎസ്ആര്ഒയിലെ സഹപ്രവര്ത്തകര് ഉള്പ്പെടെ ദൗത്യത്തിലെ 73 അംഗങ്ങള് ബഹിരാകാശയാത്രികർക്കൊപ്പം പങ്കെടുത്തു.
=നിശ്ചയിക്കപ്പെട്ട ഗവേഷണങ്ങള് പൂര്ത്തിയാക്കിയശേഷം ഡ്രാഗണ് ഗ്രേസ് ബഹിരാകാശ പേടകം തിങ്കളാഴ്ച ബഹിരാകാശനിലയത്തില്നിന്ന് വേര്പെട്ടു.
=ഇന്നലെ കലിഫോര്ണിയ തീരത്ത് സുരക്ഷിതമായി ഭൂമിയില് ഇറങ്ങിയതോടെ ശുഭാംശുവിന്റെ ബഹിരാകാശയാത്രയ്ക്കു ശുഭാന്ത്യം.
International
ഫ്ളോറിഡ: ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ അനുഭവം പങ്കുവച്ച് ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റന് ശുഭാംശു ശുക്ല. ബഹിരാകാശ യാത്രയ്ക്കിടെ നല്കിയ ആദ്യ വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം അത്യപൂര്വ യാത്രാനുഭവം വിവരിച്ചത്. ബഹിരാകാശത്ത് എത്തിയ നിമിഷം അവിസ്മരണീയമായിരുന്നുവെന്ന് ശുഭാംശു ശുക്ല പറഞ്ഞു. ബഹിരാകാശത്തോട് പൊരുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു കുട്ടി നടക്കാനും ഭക്ഷണം കഴിക്കാനും പഠിക്കുന്നതുപോലുള്ള അവസ്ഥയാണ് ഇപ്പോഴെന്നും ശുഭാംശു പറഞ്ഞു.
രാജ്യത്തെ മുഴുവന് പേരെയും അഭിവാദ്യം ചെയ്തു “ബഹിരാകാശത്തുനിന്നു നമസ്കാരം” എന്നു പറഞ്ഞായിരുന്നു നാല് യാത്രികര്ക്കൊപ്പം ശുഭാംശുവിന്റെ വാക്കുകള് തുടങ്ങിയത്. യാത്രയ്ക്കായി അതിയായി ആഗ്രഹിച്ചിരുന്നുവെന്നും അഭിമാനമുഹൂര്ത്തമെന്നും ശുഭാംശു പറഞ്ഞു.
“ശൂന്യതയിൽ ഒഴുകിനടക്കുന്ന അവസ്ഥ, അതു പറഞ്ഞറിയിക്കാൻ കഴിയാനാകാത്ത അനുഭവമാണ്. അതിശയകരമായ ഒരു അനുഭൂതി. ശൂന്യതയിലേക്ക് കുതിച്ചപ്പോള് ആദ്യം അതത്ര നല്ല അനുഭവമായി തോന്നിയില്ല. ഇതു സാധ്യമാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ മാത്രം നേട്ടമല്ല. കൂട്ടായ നേട്ടമാണ്, നാട്ടിലുള്ള നിരവധി ആളുകൾ പങ്കാളികളായ നേട്ടം”-ശുഭാംശു പറഞ്ഞു.
“പ്രത്യക്ഷത്തിൽ, ഞാനിവിടെ ധാരാളം ഉറങ്ങുന്നുണ്ടായിരുന്നു. ഞാൻ ഇപ്പോഴും പൂജ്യം ഗുരുത്വാകർഷണവുമായി പൊരുത്തപ്പെടുകയാണ്. നടക്കാൻ പഠിക്കുന്ന, ചലിക്കുന്നതും സ്വയം നിയന്ത്രിക്കുന്നതും എങ്ങനെയെന്ന് മനസിലാക്കുന്ന ഒരു കുഞ്ഞിനെപ്പോലെ. പക്ഷേ ഞാൻ ഓരോ നിമിഷവും ശരിക്കും ആസ്വദിക്കുന്നു. ഇതുവരെയുള്ളത് രസകരവും അതിശയകരവുമായ ഒരു സമയമായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്തതായി സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾക്കായി കാത്തിരിക്കുന്നു”- അദ്ദേഹം പറഞ്ഞു.
“വലിയ അഭിമാനം തോന്നുന്നു. എന്റെ തോളിലെ ത്രിവർണ പതാക രാജ്യം മുഴുവൻ എന്റെ കൂടെയുണ്ടെന്ന് ഓർമിപ്പിക്കുന്നു. ഈ യാത്രയില് ഞാൻ അഭിമാനിക്കുന്നതുപോലെ രാജ്യം മുഴുവൻ അഭിമാനിക്കണം.
ഈ യാത്രയിൽ എല്ലാവരും എന്റെ കൂടെയുണ്ടാകണം. വരും ദിവസങ്ങളിൽ ഒരുപാട് ജോലികൾ ചെയ്യാനുണ്ട്, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം മികച്ച രീതിയിൽ പൂർത്തിയാക്കാൻ ശ്രമിക്കും...” കന്നി ബഹിരാകാശ യാത്രയിലെ തന്റെ അനുഭവം പങ്കുവച്ചുകൊണ്ട് ശുക്ല കൂട്ടിച്ചേർത്തു. ബഹിരാകാശത്തുനിന്ന് ഹിന്ദിയിലും ശുഭാംശു ശുക്ലയുടെ സന്ദേശമുണ്ടായിരുന്നു.
ബഹിരാകാശനിലയത്തിലെ
സഞ്ചാരികളുടെ എണ്ണം 11 ആയി
ശുഭാംശു ശുക്ല ഉൾപ്പെടുന്ന നാലംഗസംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയതോടെ നിലയത്തിലെ ഗവേഷകരുടെ എണ്ണം 11 ആയി.
സ്പേസ് എക്സിന്റെ ക്രൂ-7 ദൗത്യത്തിന്റെ ഭാഗമായി എത്തിയ നാസയുടെ ജാസ്മിൻ മൊഗ്ബെലി, യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ആൻഡ്രിയാസ് മൊഗെൻസെൻ, ജപ്പാൻ ബഹിരാകാശ ഏജൻസിയുടെ സാതൊഷി ഫുറുകാവ, റഷ്യൻ ബഹിരാകാശ ഏജൻസിയായ റൊസ്കൊസ്മോസിന്റെ കൊൻസ്റ്റാന്റിൻ ബൊറിസൊവ് എന്നിവരും റഷ്യയുടെ സോയൂസ് എം.എസ്-24 ദൗത്യത്തിന്റെ ഭാഗമായെത്തിയ റഷ്യൻ ബഹിരാകാശ ഏജൻസിയുടെ ഒലെഗ് കൊനൊനെങ്കോ, നിക്കൊളായ് ചബ്, നാസയുടെ ലൊറൽ ഒഹര എന്നിവരായിരുന്നു ഇതുവരെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലുണ്ടായിരുന്നത്.
ബഹിരാകാശനിലയം സന്ദർശിച്ചവർ
23 രാജ്യങ്ങളില്നിന്നായി 280 യാത്രികരാണ് ഇതുവരെ ബഹിരാകാശ നിലയം സന്ദര്ശിച്ചത്. കല്പന ചൗള, സുനിത വില്യംസ്, സിരിഷ ബാൻഡ്ല തുടങ്ങിയ ഇന്ത്യന് വംശജരായ സഞ്ചാരികള് ഇതിനുമുമ്പ് നിലയത്തില് എത്തിയിട്ടുണ്ടെങ്കിലും ഇന്ത്യന് പതാക സ്പേസ് സ്യൂട്ടില് ധരിച്ച് ഐഎസ്ആർഒയുടെ ഒരു സഞ്ചാരി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില് പ്രവേശിക്കുന്നത് ആദ്യമായാണ്.
മനുഷ്യരെ ബഹിരാകാശ നിലയത്തിലെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറായ ശുഭാംശു ശുക്ലയ്ക്ക് ആവശ്യമായ അനുഭവപരിചയം ബഹിരാകാശനിലയത്തിലെ രണ്ടാഴ്ച നീളുന്ന പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ ലഭിക്കും.
ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം.
National
ശുഭാംശു ബഹിരാകാശ നിലയത്തിൽ
ആക്സിയം 4 വിക്ഷേപണം വിജയം
ന്യൂഡല്ഹി: ഇന്ത്യയുടെ അഭിമാനമായ ശുഭാംശു ശുക്ല ഉള്പ്പെടുന്ന ആക്സിയം 4 ദൗത്യത്തിന്റെ വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്നിന്ന് ഇന്ത്യന് സമയം ഇന്നലെ ഉച്ചയ്ക്ക് 12.01നായിരുന്നു വിക്ഷേപണം. 28 മണിക്കൂർ യാത്ര പൂർത്തിയാക്കി ഇന്നു വൈകുന്നേരം നാലരയോടെ സംഘം ബഹിരാകാശ നിലയത്തില് എത്തുമെന്ന് നാസ അറിയിച്ചു. തുടർന്ന് ഡ്രാഗണ് പേടകം അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും. 14 ദിവസമാണ് ദൗത്യ കാലയളവ്.
ഇതോടെ രാജ്യത്തുനിന്നു ബഹിരാകാശ നിലയത്തില് എത്തുന്ന ആദ്യ ഇന്ത്യക്കാരനാകും മുപ്പത്തിയൊന്പതുകാരനായ ശുഭാംശു ശുക്ല. ഏഴു തവണയാണ് വിവിധ കാരണങ്ങളാല് ദൗത്യവിക്ഷേപണം മാറ്റിയത്. മോശം കാലാവസ്ഥ, സ്പേസ് എക്സിന്റെ ഫാൽക്കണ്9 റോക്കറ്റിൽ കണ്ടെത്തിയ ചോർച്ച, അന്താരാഷ് ട്ര ബഹിരാകാശ നിലയത്തിലെ പ്രശ്നങ്ങൾ എന്നിവ കാരണമായിരുന്നു യാത്ര മാറ്റിവച്ചത്.
ശുഭാംശുവിനെ കൂടാതെ നാസയുടെ പെഗി വിറ്റ്സണ്, പോളണ്ടില്നിന്നുള്ള ബഹിരാകാശ സഞ്ചാരി സ്വാവോസ് ഉയാന്സ്കി, ഹംഗറിയില്നിന്നുള്ള ടിബര് കപു എന്നിവരാണ് മറ്റു ദൗത്യസംഘാംഗങ്ങള്. ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്തു ചെലവഴിച്ച (675 ദിവസം) അമേരിക്കക്കാരി പെഗിയാണ് ദൗത്യം കമാൻഡർ. ദൗത്യം നയിക്കുന്നത് മിഷൻ പൈലറ്റ് ശുഭാംശു ശുക്ലയാണ്. ഉയാൻസ്കിയും കപുവും മിഷൻ സ്പെഷലിസ്റ്റുകളാണ്.
മൈക്രോ ഗ്രാവിറ്റിയില് അറുപതിലേറെ പരീക്ഷണങ്ങള് ചെയ്യുകയാണു സംഘത്തിന്റെ ലക്ഷ്യം. ടെക്സസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബഹിരാകാശ കന്പനിയായ ആക്സിയം സ്പേസിന്റെ നാലാം ബഹിരാകാശ ദൗത്യമായിരുന്നു ഇത്. നാസ, ഐഎസ്ആർഒ, ആക്സിയം സ്പേസ്, സ്പേസ് എക്സ്, യൂറോപ്യൻ സ്പേസ് ഏജൻസി, പോളണ്ടിന്റെയും ഹംഗറിയുടെയും ബഹിരാകാശ ഏജൻസികൾ എന്നിവയുടെ സംയുക്ത ദൗത്യമാണ് ആക്സിയം 4.
ഇന്ത്യക്കുവേണ്ടി ഐഎസ്ആര്ഒ നിര്ദേശിച്ച ഏഴു പരീക്ഷണങ്ങള് ശുഭാംശു ശുക്ല പ്രത്യേകമായി ചെയ്യും. സൂക്ഷ്മ ജീവികളില് റേഡിയോ തരംഗങ്ങളുണ്ടാക്കുന്ന മാറ്റങ്ങള്, ശരീരത്തിന്റെ പേശികള്ക്കുണ്ടാകുന്ന മാറ്റങ്ങള്, മൈക്രോ ഗ്രാവിറ്റിയില് ഇലക്ട്രോണിക് ഡിസ്പ്ലേയും കണ്ണുകളുടെ ചലനം, വിത്തുകള് മുളപ്പിക്കലും വളര്ച്ചയും തുടങ്ങിയ പരീക്ഷണങ്ങളും അതില് ഉള്പ്പെടുന്നു.
അവിസ്മരണീയ യാത്ര: ശുഭാംശു
“നമസ്കാരം, എന്റെ പ്രിയപ്പെട്ടവരേ... എന്തൊരു അവിസ്മരണീയ യാത്രയാണിത്. 41 വർഷത്തെ ഇടവേളയ്ക്കുശേഷം നാം ബഹിരാകാശത്ത് എത്തിയിരിക്കുകയാണ്.
ഭൂമിയെ സെക്കന്ഡില് 7.5 കിലോമീറ്റര് വേഗത്തിലാണ് ഞങ്ങള് വലംവച്ചുകൊണ്ടിരിക്കുന്നത്. എന്റെ ഈ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രയുടെ തുടക്കമല്ല, ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ആരംഭമാണ്. ജയ് ഹിന്ദ്! ജയ് ഭാരത്!” ഡ്രാഗണ് പേടകത്തിൽ ബഹിരാകാശത്ത് എത്തിയശേഷം ശുഭാംശു ശുക്ല പ്രതികരിച്ചു.
ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ
രാകേഷ് ശർമയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ എന്ന നേട്ടമാണു ലക്നോ സ്വദേശിയും വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല സ്വന്തമാക്കിയത്. 1984ലാണ് റഷ്യയുടെ സോയൂസ് പേടകത്തിൽ രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയത്. അതേസമയം, രാകേഷ് ശർമയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. ഭൂമിയിൽനിന്ന് ഏകദേശം 400 കിലോമീറ്റർ അകലെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) സ്ഥിതി ചെയ്യുന്നത്. 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുള്ള ഐഎസ്എസ് 1998ൽ അമേരിക്ക, റഷ്യ, ജപ്പാൻ, കാനഡ, യൂറോപ്യൻ സ്പേസ് ഏജൻസി എന്നിവർ ചേർന്നാണു നിർമിച്ചത്.